Skip to main content

ഓണ്‍ലൈന്‍ ഹയര്‍ സെക്കന്ററി അധ്യാപക പരിശീലനം വന്‍ ഹിറ്റ്, രജിസ്റ്റര്‍ ചെയ്തത് 1600 അധ്യാപകര്‍

 

 

 

 ഓണ്‍ലൈന്‍ അധ്യാപനത്തില്‍ പരിശീലനം നല്‍കാനായി സമഗ്ര ശിക്ഷാ കോഴിക്കോട് നടത്തുന്ന ഡിജിഫിറ്റ് (ഡിജിറ്റല്‍ ടീച്ചര്‍ എംപവര്‍മെന്റ് ഡ്രൈവ് ) വന്‍ ഹിറ്റിലേക്ക്.  ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്കായി നടത്തുന്ന ആദ്യഘട്ട പരിശീലനത്തില്‍ തന്നെ ജില്ലയില്‍ 1,600 പേര്‍ രജിസ്റ്റര്‍ ചെയ്തു.  വിക്ടേഴ്സ് ചാനല്‍ വഴിയുള്ള   ക്ലാസുകള്‍ക്ക് ശേഷം കുട്ടികള്‍ക്ക് ഓണ്‍ലൈനിലൂടെ തുടര്‍  പ്രവര്‍ത്തനങ്ങള്‍ നല്‍കാന്‍ ആവശ്യമായ ഇ-കണ്ടന്റുകള്‍ വികസിപ്പിക്കുക, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റങ്ങള്‍ പരിചയപ്പെടുത്തുക എന്നിവയിലൂന്നിക്കൊണ്ടാണ് പരിശീലനം രൂപകല്‍പന ചെയ്തിട്ടുള്ളത്.      

 

വിക്ടേഴ്സിലെ ക്ലാസിനു  ശേഷം കുട്ടികള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ തീര്‍ക്കാനാവശ്യമായ വിശദാംശങ്ങള്‍ അതത് അധ്യാപകരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ ഡിജിറ്റല്‍ പഠന വിഭവങ്ങള്‍ തയാറാക്കുക, പ്രസന്റേഷന്‍ സോഫ്റ്റ് വെയര്‍ വഴി ഇവ കുട്ടികള്‍ക്ക് നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ അധ്യാപകരെ സഹായിക്കലാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുല്‍ ഹക്കീം പറഞ്ഞു. വീഡിയോ റിക്കാര്‍ഡിംഗ്, എഡിറ്റിംഗ് എന്നിവയിലും പരിശീലനം നല്‍കുന്നുണ്ട്.

 

       മൂന്ന് ദിവസങ്ങളിലായി മൂന്ന് മണിക്കൂര്‍ വീതമുള്ള ഓണ്‍ലൈന്‍ പരിശീലനത്തിന് ഡയറ്റിന്റെ അക്കാദമിക പിന്തുണയുണ്ട്. ജില്ലയിലെ 30 ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്ക് ആദ്യം പരിശീലനം നല്‍കുകയും ഇവരെ ഉപയോഗിച്ച്  ഹയര്‍ സെക്കന്ററി/ വി.എച്ച്.എസ്.ഇ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയുമാണ് ചെയ്യുന്നത്. സീനിയര്‍ ഡയറ്റ് ഫാക്കല്‍റ്റി യു.കെ.അബ്ദുല്‍ നാസര്‍, ഫറൂഖ് ബി.പി.സി അനൂപ് കുമാര്‍, ഹയര്‍ സെക്കന്ററി അധ്യാപകരായ പി.സിന്ധു, രജീഷ് കെ.പി, ഡോ.ശ്രീജ എന്നിവരാണ് ജില്ലയില്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

        മാവൂര്‍ ബി.ആര്‍.സിയില്‍ നടന്ന ട്രൈ ഔട്ടിന് ശേഷമുള്ള ഒന്നാം ഘട്ട പരിശീലനം ഫറൂഖ് ബി.ആര്‍.സിയില്‍ വി.കെ.സി.മമ്മദ് കോയ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.വി.പത്മനാഭന്‍ ആമുഖഭാഷണം നടത്തി.ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീജന്‍ എസ്.വി, ഫറൂഖ് ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ കോര്‍ഡിനേറ്റര്‍ ഹാഷിം,ഡയറ്റ് ഫാക്കല്‍റ്റി ഡോ. സോഫിയ, ബി.പി.സി അനൂപ് കുമാര്‍ സംസാരിച്ചു.

 

date