മുണ്ടക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു
കൊണ്ടോട്ടി മുതുവല്ലൂര്‍ മുണ്ടക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് അടക്കം സ്ഥിതി ചെയ്യുന്ന വലിയ പ്രദേശമായ കൊണ്ടോട്ടി - കിഴിശ്ശേരി- പുളിക്കല്‍ - എടവണ്ണപ്പാറ എന്നീ നാല് സെക്ഷനുകള്‍ വിഭജിച്ചാണ് ഇരുപതിനായിരത്തിലധികം ഉപഭോക്താക്കളുമായി മുണ്ടക്കുളം സെക്ഷന്‍ രൂപീകരിച്ചിട്ടുള്ളത്.
ഇതിലൂടെ കൃത്യവും സമയബന്ധിതവുമായി എല്ലാ ഉപഭോക്താക്കള്‍ക്കും, സര്‍ക്കാര്‍ വ്യാവസായശാലകള്‍ക്കും, കച്ചവട സ്ഥാപനങ്ങള്‍ക്കും മികച്ച സേവനം നല്‍കാന്‍ സാധിക്കും. ഖുത്തുബുസ്സമാന്‍ ഇസ്ലാമിക്ക് സെന്റര്‍ മദ്രസ ബില്‍ഡിങിലാണ് താത്ക്കാലികമായി സെക്ഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ചടങ്ങില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനായി. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍, വാര്‍ഡ് അംഗങ്ങളായ റഹ്മ മുജീബ്, മരയ്ക്കാര്‍ കുട്ടി, മദ്രാസഭാരവാഹികളായ അസ്ലം ഷേര്‍ ഖാന്‍, മുഹമ്മദ് എന്ന ബിച്ചു മുസ്ല്യാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments