കൊവിഡ് പ്രതിരോധം: ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം- മുഖ്യമന്ത്രി
ആര്‍ദ്രം മിഷന്‍ മൂന്നാംഘട്ട സംസ്ഥാനതല ഉദ്ഘാടനം നടന്നു
കൊവിഡിനെ തോല്‍പ്പിക്കാന്‍ ജനങ്ങള്‍ ഗൗരവബോധത്തോടെ ഒരേ മനസോടെ പ്രവര്‍ത്തിച്ച്, ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 102 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.
കൊവിഡ് പ്രതിരോധ ജാഗ്രതയില്‍ ചിലയിടങ്ങളില്‍ സംഭവിച്ച വിട്ടുവീഴ്ചയും അലംഭാവവുമാണ് കേരളത്തില്‍ ഇന്ന് കാണുന്ന രീതിയില്‍ രോഗം പടരാന്‍ കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പിന്തുടരുക, സാമൂഹിക അകലം പാലിക്കുക എന്നിവ രോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏറെ സഹായകമാണ്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയും അലംഭാവവും ഉണ്ടായി. അതാണ് രോഗം വ്യാപിക്കാന്‍ കാരണമായത്. അത് നാം മാറ്റുകയാണ്. ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കേണ്ടതുണ്ട് - മുഖ്യമന്ത്രി വ്യക്തമാക്കി.
കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ രൂപീകരണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ പ്രധാന പങ്കാണ് വഹിച്ചത്. ജനപങ്കാളിത്തവും അതുപോലെ പ്രധാനമാണ്. മികവുറ്റ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ജനപങ്കാളിത്തത്തിന്റെ ഫലമാണ്്. എന്നാല്‍ പ്രതീക്ഷിച്ച ജനപങ്കാളിത്തം ചിലയിടങ്ങളില്‍ ഉണ്ടായിട്ടില്ല. ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങളുടെ രൂപീകരണത്തിലും ജനങ്ങള്‍ ആരുടെയും ആഹ്വാനത്തിന് കാത്തുനില്‍ക്കാതെ അതിന്റെ ഭാഗമാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ രൂപീകരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സെന്ററുകളിലേക്ക് വേണ്ട കട്ടില്‍, കിടക്കകള്‍ എന്നിവ നല്‍കി സഹായിച്ച മാതൃകകളും ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ നേടിയിട്ടുണ്ട്. വികസിത രാജ്യങ്ങളില്‍ പോലും പാവപ്പെട്ടവര്‍ക്ക് ചികിത്സ ലഭിക്കാതെ വരുമ്പോള്‍ ഇവിടെ ഗ്രാമീണ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കു പോലും ആരോഗ്യ കേന്ദ്രങ്ങള്‍ വഴി സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നു. ഈ പ്രത്യേകത കേരളത്തിന്റെ ഇന്നത്തെ നേട്ടത്തിന് ഇടയാക്കി. ആരോഗ്യ മേഖലയിലെ മികവ് കാരണം കൊവിഡ് മറ്റിടങ്ങളില്‍ ഉണ്ടാക്കിയ ജീവനാശം കേരളത്തില്‍ ഉണ്ടാക്കിയില്ല. തദ്ദേശ സ്ഥാപനങ്ങള്‍, റവന്യു വകുപ്പ്, പൊലീസ്, ഫയര്‍ ഫോഴ്‌സ്, സന്നദ്ധ വളണ്ടിയര്‍മാര്‍ എന്നിവര്‍ കൊവിഡിനെ നേരിടാന്‍ ആരോഗ്യവകുപ്പുമായി ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് 6760 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ട്ടിച്ച് എന്‍ എച്ച് എം വഴി നിയമനം നടത്തിയിട്ടുണ്ട്. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ ഏറെ ബാധിച്ച കാസര്‍കോട്് ദിവസങ്ങള്‍ക്കുള്ളില്‍ 273 തസ്തികകള്‍ സൃഷ്ടിച്ച് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് മറ്റു രോഗങ്ങളുടെ ചികിത്സയ്ക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഏറെ സഹായകമായിട്ടുണ്ടെന്നും ആര്‍ദ്രം മിഷന്റെ നാല് വര്‍ഷത്തെ കഠിന ശ്രമം കൊവിഡിനെ പിടിച്ചു നിര്‍ത്താന്‍ സഹായിച്ചുവെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
ജില്ലയിലെ പുളിങ്ങോം, എരമം - കുറ്റൂര്‍, കുഞ്ഞിമംഗലം, ഉദയഗിരി, ചിറക്കല്‍, എളയാവൂര്‍, കൂടാളി, അഞ്ചരക്കണ്ടി എന്നീ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി നവീകരിച്ചത്. കണ്ണൂര്‍ കലക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പങ്കെടുത്തു. യുദ്ധകാല സാഹചര്യത്തിലെന്ന പോലെയാണ് കൊവിഡിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. രാഷ്ട്രീയ പങ്കാളിത്തവും സഹകരണവും നല്ല നിലയില്‍ ഉണ്ടായാലേ ഈ പോരാട്ടം പൂര്‍ണ വിജയമാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം പിമാര്‍, എംഎല്‍എമാര്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ എന്നിവര്‍ വീഡിയോ കോഫറന്‍സിലൂടെ പരിപാടിയുടെ ഭാഗമായി
- Log in to post comments