Skip to main content

ജില്ലയിൽ ആകെ 34 കുടുംബാരോഗ്യ കേന്ദ്രങ്ങളായി ആർദ്രം മിഷൻ: ജില്ലയിൽ 14 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ആർദ്രം മിഷനിലുൾപ്പെടുത്തി ജില്ലയിലെ 14 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിച്ചു. മഹാമാരികൾ പടർന്നു പിടിക്കുന്ന ഘട്ടത്തിൽ വലിയ തോതിലുള്ള ജീവനാശം നമുക്കില്ലാത്തത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പ്രത്യേകത കൊണ്ടു തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ് സംവിധാനം, റവന്യു വകുപ്പ്, ഫയർ ഫോഴ്‌സ്, സന്നദ്ധ സേവകർ എന്നിവരും നാട്ടുകാരും ആരോഗ്യ വകുപ്പുമായി ഇഴുകി ചേർന്ന് പ്രവർത്തിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.
ജില്ലയിൽ 13 കുടുംബാരോഗ്യ കേന്ദ്രങ്ങളും ഒരു നഗര കുടുംബരോഗ്യ കേന്ദ്രവുമാണ് ഉദ്ഘാടനം ചെയ്തത്. പൂക്കോട്, ഏങ്ങണ്ടിയൂർ, പട്ടിക്കാട്, ആളൂർ, കുഴൂർ, മാമ്പ്ര, ആർത്താറ്റ്, പോർക്കുളം, കൊടകര, കയ്പമംഗലം, മാടവന, എളനാട്, കക്കാട് എന്നീ പി എച്ച് സികളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയത്. ഗുരുവായൂർ മാതൃശിശു സംരക്ഷണാരോഗ്യ കേന്ദ്രം നഗര കുടുംബാരോഗ്യ കേന്ദ്രമായി. ആദ്യഘട്ടത്തിൽ 18 കുടുംബാരോഗ്യ കേന്ദ്രങ്ങളും രണ്ട് നഗര കുടുംബരോഗ്യ കേന്ദ്രവും ഉദ്ഘാടനം ചെയ്തിരുന്നു. ഇതോടെ ജില്ലയിൽ 34 കുടുംബാരോഗ്യ കേന്ദ്രങ്ങളായി.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മന്ത്രിമാരായ എ.സി മൊയ്തീൻ, ഗവ. ചീഫ് വിപ്പ് അഡ്വ കെ. രാജൻ, എം എൽ എമാരായ ഇ.ടി ടൈസൺ മാസ്റ്റർ, വി.ആർ സുനിൽ കുമാർ, കെ വി അബ്ദുൾഖാദർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് എന്നിവർ മുഖ്യാതിഥികളായി. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, എം.എൽ.എമാരായ പ്രൊഫ. കെ.യു. അരുണൻ, ബി.ഡി. ദേവസ്സി, യു.ആർ. പ്രദീപ് എന്നിവർ ഓൺലൈനായി സംബന്ധിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനതല ചടങ്ങിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡ സ്വാഗതം പറഞ്ഞു. ആരോഗ്യ കേരളം സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. രത്തൻ യു. ഖേൽക്കർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും 20 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ദേശീയ ആരോഗ്യമിഷൻ ഫണ്ടും എം പി, എം എൽ എ, പഞ്ചായത്ത് ഫണ്ടുകളും ഇതിനായി പ്രയോജനപ്പെടുത്തി. രജിസ്‌ട്രേഷൻ വിഭാഗം, ഒ പി വിഭാഗം, ഡോക്ടേഴ്‌സ് കാബിൻ, രോഗികളെ പരിശോധിക്കാനുള്ള നിരീക്ഷണമുറി, ഫാർമസി, ലാബ് തുടങ്ങിയ മികച്ച സേവനങ്ങൾ 14 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ ഒ പി സൗകര്യം, രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ ലാബോറട്ടറി സൗകര്യം, ആഴ്ചയിൽ ഒരു ദിവസം പ്രതിരോധ കുത്തിവെപ്പ്, മാതൃ ശിശു സംരക്ഷണ സേവനങ്ങൾ, ആശുപത്രി കേന്ദ്രീകരിച്ചുള്ള നഴ്സിങ് പരിചരണം, സൗജന്യ മരുന്ന് വിതരണം, വ്യാഴാഴ്ചകളിൽ പ്രത്യേക ജീവിത ശൈലി രോഗനിർണയ നിയന്ത്രണ ക്ലിനിക്കുകൾ, ശനിയാഴ്ചകളിൽ പ്രത്യേക വയോജന സൗഹൃദ ക്ലിനിക്കുകൾ എന്നിവയാണ് കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോൾ ലഭിക്കുന്ന സേവനങ്ങൾ.

date