Skip to main content

കോട്ടയം ജില്ലയിലെ ഒന്‍പത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു

കോവിഡ് പ്രതിരോധം കൂടുതല്‍ ഗൗരവ ബോധം വേണം-മുഖ്യമന്ത്രി

 

കോട്ടയം ജില്ലയിലെ ഒന്‍പത് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇവ ഉള്‍പ്പെടെ സംസ്ഥാനത്തെ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തത്.

കോട്ടയം ജില്ലയിലെ പാറമ്പുഴ, കല്ലറ, ഓണംതുരുത്ത്, മരങ്ങാട്ടുപിള്ളി, പാറത്തോട്, കറുകച്ചാല്‍, ഉദയനാപുരം, കാണക്കാരി, മീനടം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. 

കോവിഡിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ ഗൗരവ ബോധത്തോടെയുള്ള സമീപനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗപ്രതിരോധത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞെങ്കിലും ചില മേഖലകളിലുണ്ടായ അലംഭാവം രോഗവ്യാപനത്തിന് വഴിതെളിച്ചിട്ടുണ്ട്. 

രോഗചികിത്സ പോലെതന്നെ പ്രധാനമാണ് രോഗം വരാതിരിക്കുന്നതിനുള്ള മുന്‍കരുതലുകളും. ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.  ശാരീരിക അകലം ഉറപ്പാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കോവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയുണ്ടാകണം-അദ്ദേഹം നിര്‍ദേശിച്ചു.

രജിസ്ട്രേഷന്‍ കൗണ്ടര്‍, പ്രീ-ചെക് ഏരിയ, വെയ്റ്റിംഗ് ഏരിയ, കണ്‍സള്‍ട്ടേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം, നഴ്സിംഗ് സ്റ്റേഷന്‍, ഇമ്യൂണൈസേഷന്‍ റൂം, ലാബോറട്ടറി, കുടിവെള്ളം വിതരണ സംവിധാനം, ടെലിവിഷന്‍, നവീകരിച്ച ടോയ്ലറ്റുകള്‍ തുടങ്ങിയവയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പുതിയതായി സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിഹിതവും എം.എല്‍.എമാരുടെ വികസന ഫണ്ടുമാണ് ഇതിനായി ചിലവഴിച്ചത്. 

കല്ലറയില്‍ നടന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു. പാറമ്പുഴയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിസി ബോബി, മെഡിക്കല്‍ ഓഫീസര്‍ ഡോ. റെക്സണ്‍ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ഓണംതുരുത്തില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുഞ്ഞുമോന്‍ ജോസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശ പി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മരങ്ങാട്ടുപിള്ളിയില്‍ ജോസ് കെ. മാണി എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സമ്മ, മെഡിക്കല്‍ ഓഫീസര്‍ ഡോ. രജിത് തുടങ്ങിയവര്‍ പങ്കെടുത്തു. 

പാറത്തോട് പി.സി. ജോര്‍ജ് എം.എല്‍,എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ജോസഫ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്വേത വിശ്വനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. കറുകച്ചാലില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാലഗോപാല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിജുകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ തുടങ്ങിവര്‍ പങ്കെടുത്തു.

കാണക്കാരിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനോയ് പി. ചെറിയാന്‍, ജില്ലാ പഞ്ചായത്ത വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date