Skip to main content

കോവിഡ് : ജില്ലയില്‍ രണ്ട് മരണം കൂടി

    ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. പെരുമണ്ണ സ്വദേശിനി ഖദീജ (65), കൊണ്ടോട്ടി കൊട്ടുക്കര  സ്വദേശി മൊയ്തീന്‍ (75) എന്നിവരാണ് മരിച്ചത്. ഓഗസ്റ്റ് നാല് രാത്രിയോടു കൂടിയാണ് രണ്ടു പേരും മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പതിനാറായി. 
    അനീമിയ, കിഡ്നി സംബന്ധമായ അസുഖങ്ങള്‍, കൊറോണറി ആര്‍ട്ടറി ഡിസീസ് എന്നിവ അലട്ടിയിരുന്ന ഖദീജ വയറ്റില്‍ നിന്ന് രക്തം പോകുന്നതിനെ തുടര്‍ന്ന് ജൂലൈ 31 നാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അവിടെ വച്ച് ഹൃദയാഘാതമുണ്ടാവുകയും   ആന്‍ജിയോപ്ലാസ്റ്റി ടെസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായി നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഓഗസ്റ്റ് രണ്ടിന് രോഗിയെ മഞ്ചേരി മെഡിക്കല്‍ കോളജിലെ കോവിഡ് ഐ.സിയുവിലേക്ക് മാറ്റി. വീണ്ടും ഹൃദയാഘാതമുണ്ടായതോടെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ആരംഭിച്ചു. കോവിഡ് 19 ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം, എന്നിവ കണ്ടെത്തി വെന്റിലേറ്റര്‍ ചികിത്സ നല്‍കിയെങ്കിലും ഓഗസ്റ്റ് നാല് രാത്രി 8.45ന് രോഗി  മരിക്കുകയായിരുന്നു. 
    രക്തസമ്മര്‍ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കിഡ്നി സംബന്ധമായ അസുഖങ്ങള്‍, ഡയലേറ്റഡ് കാര്‍ഡിയോ മയോപ്പതി  എന്നിവ  അലട്ടിയിരുന്ന മൊയ്തീന്‍ ശക്തമായ ശ്വാസം മുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റ് രണ്ടിനാണ്   മഞ്ചേരി മെഡിക്കല്‍ കോളജ് ഐ.സിയുവില്‍ അഡ്മിറ്റായത്. കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ ഓഗസ്റ്റ് നാലിന് കോവിഡ് ഐസിയുവിലേക്ക് മാറ്റുകയും പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ആരംഭിക്കുകയും ചെയ്തു. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം പ്ലാസ്മ തെറാപ്പി നടത്തി. രോഗിക്ക് ഹൃദയാഘാതമുണ്ടാവുകയും ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് നാല് രാത്രി  10.15ന് മരിക്കുകയും ചെയ്തു. കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായതോടെയാണ്  മൊയ്തീന്‍ രോഗബാധിതനായത്.
 

date