Skip to main content

തൊഴിലുറപ്പ് പദ്ധതി: തൊഴില്‍ കാര്‍ഡ് നല്‍കാന്‍  ക്യാമ്പുകള്‍ നടത്തും

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികജാതി/പട്ടികവര്‍ഗ മേഖലകളിലെ എല്ലാവരേയും ഉള്‍പ്പെടുത്തി തൊഴില്‍ കാര്‍ഡ് നല്‍കാനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജില്ലാതല യോഗം തീരുമാനിച്ചു. എത്രയും പെട്ടന്ന് പരമാവധി പേര്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കാനായി പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ്, കുടുംബശ്രീ എന്നിവയുമായി ചേര്‍ന്ന് സംയുക്ത പ്രവര്‍ത്തനം നടത്തും. തൊഴില്‍ കാര്‍ഡ് ലഭിച്ചവര്‍ക്ക് പരമാവധി 100-150 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കും. ഊരുകുട്ടങ്ങളിലും കോളനികളിലും സന്ദര്‍ശനം നടത്തി തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് ബോധവത്കരണം നടത്തും. 
ജില്ലയില്‍ പട്ടിക വര്‍ഗ വിഭാഗത്തിലുള്ള 6430 കുടുംബങ്ങള്‍ക്കും 6597 പട്ടികജാതി വിഭാഗത്തിലുള്ള കുടുംബങ്ങള്‍ക്കും തൊഴിലുറപ്പ് പദ്ധതി തൊഴില്‍ കാര്‍ഡ് നല്‍കിയതായി യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ 2593 പട്ടികജാതി വിഭാഗത്തിലുള്ള കുടുംബങ്ങള്‍ക്ക്  93689 തൊഴില്‍ ദിനങ്ങളും 2850 പട്ടിക വര്‍ഗ വിഭാഗത്തിലുള്ള കുടുംബങ്ങള്‍ക്ക് 135176 തൊഴില്‍ ദിനങ്ങളും തൊഴിലുറപ്പ് പദ്ധതിയില്‍ സൃഷ്ടിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു.  പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ കെ.എം. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഐ.ടി.ഡി.പി എ.പി.ഒ സയ്യിദ് നയീം, ലൈഫ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.എന്‍. അനില്‍, ജഗദീഷ് എന്നിവര്‍ സംസാരിച്ചു.

date