Skip to main content

നിക്ക് ഉട്ട് അരുന്ധതി റോയിയെ സന്ദര്‍ശിച്ചു 

 

ലോകപ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് നിക്ക് ഉട്ട് കോട്ടയത്തിന്റെ എഴുത്തകാരി അരുന്ധതി റോയിയെ സന്ദര്‍ശിച്ച ചരിത്ര മുഹൂര്‍ത്തത്തിന് ഇന്നലെ കോട്ടയം സാക്ഷ്യം വഹിച്ചു. ഉച്ച കഴിഞ്ഞ് രണ്ടിനാണ് അരുന്ധതി റോയിയുടെ (പള്ളിക്കുടം) വസതിയില്‍ നിക്ക് ഉട്ടും ലോസ് ആഞ്ചലസ് ടൈംസിന്റെ ഫോട്ടോ എഡിറ്ററും ആസ്‌ട്രോ ഫോട്ടോഗ്രാഫറുമായ റൌള്‍ റോയും അരുന്ധതിയെ കണ്ടത്. തികച്ചും അനൗപചാരികമായിരുന്നു ആ കൂടിക്കാഴ്ച. ദീര്‍ഘകാലം പരിചയമുള്ള രണ്ടു സുഹൃത്തുക്കള്‍ കുറെ കാലത്തിനു ശേഷം കണ്ടു മുട്ടുന്നതു പോലെ. താന്‍ വിയറ്റനാമില്‍ വന്നിട്ടില്ലെന്ന് അരുന്ധതി. 'അടുത്ത വര്‍ഷം വരും. പുതിയ ബുക്ക് വിയറ്റ്‌നാമീസ് ഭാഷയില്‍ വിവര്‍ത്തനം ചെയ്യുകയാണ്'. അടുത്ത ഡിസംബറില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയെ കുറിച്ച് നിക്ക് സംസാരിച്ചു തുടങ്ങി. ഏറെ കൗതുകത്തോടെ അരുന്ധതി കേട്ടിരുന്നു. സംഭാഷണം മെല്ലെ വിയറ്റ്‌നാം ഭക്ഷണത്തെ കുറിച്ചായി. വിയറ്റ്‌നാമിലെ ഭക്ഷണം ഏറെ ഇഷ്ടമാണെന്ന് കോട്ടയത്തിന്റെ എഴുത്തുകാരി പറഞ്ഞപ്പോള്‍ കേരളത്തിലെ ഭക്ഷണം ഏറെ ആസ്വദിച്ചെന്ന് നിക്കിന്റെ മറുപടി. 'സ്‌പൈസി ഫുഡ് ഏറെ ഇഷ്ടമാണ്. കേരളത്തില്‍ അത് ആവോളം ആസ്വദിച്ചു'. 'കേരളം കുറെയൊക്കെ വിയറ്റ്‌നാം പോലെയല്ലേ?'  അരുന്ധതിയുടെ ചോദ്യത്തില്‍ കൗതുകം. വിയറ്റ്‌നാമിലെ പോലെ ഇവിടെയും മഴയുണ്ട്. ധാരാളം തെങ്ങും. നിക്കിന്റെ മറുപടി. 

കൊച്ചുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ വിയറ്റ്‌നാം വാര്‍ കടന്നു വന്നു. ധാരാളം സിവിലിയന്‍സ് യുദ്ധത്തില്‍ മരിക്കുന്നു. നിക്ക് മെല്ലെ എഴുന്നേറ്റു. കൈയില്‍ കരുതിയ വാര്‍ ഓഫ് ടെററിന്റെ കോപ്പി (നാപ്പാം പെണ്‍കുട്ടിയുടെ) പുറത്തെടുത്തു. ഒപ്പ് പതിപ്പിച്ച് അരുന്ധതിക്ക് നല്‍കി. കുട്ടിത്തം കണ്ണുകളില്‍ ഒളിപ്പിച്ച് അരുന്ധതി പറഞ്ഞു ഞാനിത് സൂക്ഷിച്ചു വയ്ക്കും. താമസിയാതെ യുഎസില്‍ വരുന്നുണ്ടെന്നും അപ്പോള്‍ കാണാമെന്നും പറഞ്ഞ് ഇരുവരും എഴുന്നേറ്റു.       

രവി ഡിസി, മകന്‍ ഗോവിന്ദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ്, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ എന്നിവര്‍ നിക്കിന്റെ ഒപ്പമുണ്ടായിരുന്നു.  

 

date