നൂറുദിന കര്‍മ്മപദ്ധതി: ജില്ലയില്‍ 10 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
**മൂന്നു കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടക്കും
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ 10 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ(ഒക്ടോബര്‍ 03) രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ഇതോടൊപ്പം രാവിലെ 10.30ന് മൂന്നു സ്‌കൂളുകളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. കിഫ്ബി, നബാര്‍ഡ്, പ്ലാന്‍ ഫണ്ടുകള്‍ എന്നിവ ചെലവഴിച്ചാണ് ഇവയുടെ നിര്‍മാണം.
കിഫ്ബിയുടെ അഞ്ചുകോടി രൂപ ധനസഹായത്തോടെ നിര്‍മിച്ച ഗവ. ജി.എച്ച്.എസ്.എസ് മലയിന്‍കീഴ്, ഗവ.എച്ച്.എസ്.എസ് വെഞ്ഞാറമ്മൂട്, പ്ലാന്‍ ഫണ്ട് ചെലവഴിച്ചു നിര്‍മിച്ച ഗവ. യു.പി.എസ് കുടപ്പനക്കുന്ന്, ഗവ. എച്ച്.എസ്.എസ് ഞെക്കാട്, ഗവ. എല്‍.പി.എസ് കുളത്തുമ്മല്‍, ഗവ. യു.പി.എസ് വെള്ളറട, ജി. യു.പി.എസ് കൊഞ്ചിറ, ഗവ. എല്‍.പി.എസ് നെടുമങ്ങാട്, ഗവ. ജി.എച്ച്.എസ്.എസ് കരമന, നബാര്‍ഡ് ഫണ്ടുപയോഗിച്ച് നിര്‍മിച്ച എന്‍.കെ.എം.ജി.എച്ച്.എസ്.എസ് ധനുവച്ചപുരം എന്നീ സ്‌കൂളുകളിലെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുക. ശിലാസ്ഥാപനം നടത്തുന്ന ഡയറ്റ് യു.പി.എസ് ആറ്റിങ്ങല്‍, ഗവ. വി.എച്ച്.എസ്.എസ് കുളത്തൂര്‍ നെയ്യാറ്റിന്‍കര, ഗവ. എച്ച്.എസ്.എസ് പാളയംകുന്ന് എന്നീ സ്‌കൂള്‍ കെട്ടിടങ്ങള്‍ കിഫ്ബിയുടെ മൂന്നുകോടി ധനസഹായം ഉപയോഗിച്ച് നിര്‍മിക്കും.
ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും. മന്ത്രിമാരായ ഇ.പി. ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, എ.കെ ബാലന്‍, കെ.കെ ശൈലജ ടീച്ചര്‍, ടി.പി രാമകൃഷ്ണന്‍, എ.സി മൊയ്തീന്‍, പി. തിലോത്തമന്‍, കെ. രാജു, എ.കെ ശശീന്ദ്രന്‍, കെ.ടി ജലീല്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. എം.എല്‍.എമാര്‍, വിവിധ ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിക്കും.
- Log in to post comments