Skip to main content

ജില്ലയില്‍ കോവിഡ് പരിശോധന അഞ്ചുലക്ഷം കവിഞ്ഞു

 

 

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ അഞ്ചുലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കി.സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടാന്‍ കര്‍ശനമായ പരിശോധനകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലും ആളുകളുടെ സമ്പര്‍ക്കപശ്ചാത്തലം മനസ്സിലാക്കി പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.ആരോഗ്യപ്രവര്‍ത്തകര്‍, ആര്‍.ആര്‍.ടി അംഗങ്ങള്‍, ഹെല്‍ത്ത് വളണ്ടിയേഴ്‌സ് എന്നിവരുടെ വിശ്രമരഹിതമായ കൂട്ടായ പ്രവര്‍ത്തനമാണ് കോവിഡ് പരിശോധനയിൽ നടക്കുന്നത്. രോഗികളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ സമ്പർക്ക മേഖലകളിൽ കാലതാമസം വരുത്താതെ പരിശോധന നടത്തുന്നു. പരിശോധനാ റിപ്പോർട്ട് ലഭ്യമായ ഉടൻ തന്നെ കണ്ടെയ്ൻമെന്റ് സോണുകളും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളും അതാത് തദ്ദേശസ്ഥാപനങ്ങൾ കോവിഡ് ജാഗ്രത പോർട്ടലിലുടെ നിർദ്ദേശിക്കുന്നു. കണ്ടെയ്മെന്റ് സോണുകളിൽ പോലും നിർദ്ദേശിക്കപ്പെട്ട നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പൊതു സമൂഹം വീഴ്ച വരുത്തുന്നതാണ് രോഗവ്യാപനം കൂടുന്നതിന് സാഹചര്യമൊരുക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തൽ. സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ മരണ സംഖ്യ കൂടാതിരിക്കാനുള്ള കനത്ത ജാഗ്രതയിലാണ് ജില്ലയിലെ ആരോഗ്യ വിഭാഗം.

ഒക്ടോബര്‍ 18 വരെ 503184 കോവിഡ് പരിശോധനകളാണ് ജില്ലയില്‍ നടത്തിയത്. 25 ദിവസംകൊണ്ട് രണ്ട് ലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കി. സര്‍ക്കാര്‍ സംവിധാനത്തിലൂടെ 242954 ആന്റിജന്‍ പരിശോധനകളും 18386 ട്രൂനാറ്റ് പരിശോധനകളും 104286 ആര്‍.ടി.പി.സി.ആര്‍ പരിശോധനകളും നടത്തി. കൂടാതെ 660 ആന്റിബോഡി പരിശോധനകളും നടത്തിയിട്ടുണ്ട്. സ്വകാര്യ ലാബുകളില്‍ 136570 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ജില്ലയിലെ ഇതുവരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.42 ശതമാനമാണ്.

ക്ലസ്റ്ററുകള്‍, ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണുകള്‍, മത്സ്യമാര്‍ക്കറ്റ്, ഹാര്‍ബറുകള്‍, പാളയം, തീരദേശ മേഖലയിലെ വാര്‍ഡുകള്‍, പൊതുജനസമ്പര്‍ക്കമുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണ് കൂടുതല്‍ പരിശോധന നടത്തി വരുന്നത്.
ഇന്നലെ 7331 സ്രവസാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരേ അയച്ചതില്‍ 5,02,370 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4,66,023 എണ്ണം നെഗറ്റീവാണ്. പരിശോധനക്കയച്ച സാംപിളുകളില്‍ 814 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനമാണ്. 37323 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരേ കോവിഡ് സ്ഥിരീകരിച്ചത്. 110 പേരുടെ മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്.

date