തിരഞ്ഞെടുപ്പ്; വിവര കൈമാറ്റം വേഗത്തിലാക്കാന്‍ പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍
=====
വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറാന്‍ ഉപകരിക്കുന്ന പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കും.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും പോളിംഗ് സാമഗ്രികളുമായി വോട്ടെടുപ്പിന്റെ തലേന്ന് ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രത്തില്‍നിന്ന് പുറപ്പെടുന്നതു മുതല്‍ വോട്ടെടുപ്പ് അവസാനിച്ച് തിരികെ സ്വീകരണ കേന്ദ്രത്തില്‍ എത്തുന്നതുവരെയുള്ള വിവരങ്ങള്‍ തത്സമയം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിനാണ് ആ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്.
അടിയന്തര സാഹചര്യത്തില്‍ എസ്.ഒ.എസ് ബട്ടൻ അമര്‍ത്തിയാല്‍ ഉടന്‍തന്നെ വിവരം പോലീസിനും ലഭിക്കും. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാവും.
സെക്ടറല്‍ ഓഫീസര്‍ക്ക് തന്റെ ചുമതലയിലുള്ള എല്ലാ ബൂത്തുകളുടെയും വിവരങ്ങള്‍ ആപ്പില്‍ കാണാനാകും. ഓരോ ബൂത്തുകളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഫോണ്‍ നമ്പരുകളും ആപ്ലിക്കേഷനില്‍ ലഭിക്കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് ആപ്പ് തയ്യാറാക്കിയത്.
പോള്‍ മാനേജര്‍ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോസ്. കെ. തോമസിനെ ജില്ലാതല നോഡല്‍ ഓഫീസറായി ജില്ലാ കളക്ടര്‍ നിയമിച്ചു.
- Log in to post comments