കണ്ണമ്പ്ര കിന്‍ഫ്ര പാര്‍ക്ക് പദ്ധതി പ്രഖ്യാപനം ഇന്ന് മന്ത്രി എ കെ ബാലൻ നിർവഹിക്കും
തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്ര കിന്‍ഫ്ര പാര്‍ക്ക് പദ്ധതി പ്രഖ്യാപനം പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന് ഇന്ന് (ഫെബ്രുവരി 25) രാവിലെ 10.30 ന് പാലക്കാട് കലക്ടറേറ്റില്‍ നിര്‍വഹിക്കും.
എന്‍.എച്ച് 544 ന് സമീപം 2000 കോടി രൂപ ചെലവിലാണ് കണ്ണമ്പ്രയില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നത്. ഭക്ഷ്യ വ്യവസായം, ലഘു എന്‍ജിനീയറിങ് വ്യവസായം, രത്ന -ആഭരണ ക്ലസ്റ്ററുകള്‍, പ്ലാസ്റ്റിക്- ഇ-വേസ്റ്റ്, ഖരമാലിന്യ റീസൈക്ലിങ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഇലക്ട്രോണിക്സ്, ഐ.ടി, ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ് എന്നിങ്ങനെ ഒന്‍പത് മെഗാ വ്യവസായ ക്ലസ്റ്ററുകളാണ് വ്യവസായ പാര്‍ക്കില്‍ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കണ്ണമ്പ്ര വ്യവസായ പാര്‍ക്ക് കൊച്ചി- പാലക്കാട് മേഖല ദക്ഷിണേന്ത്യയിലെ വ്യവസായിക മേഖലയായി മാറും. നേരിട്ടും അല്ലാതെയുമുള്ള ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് വ്യവസായ പാര്‍ക്ക് പദ്ധതി വഴി സൃഷ്ടിക്കപ്പെടുക.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ 292.89 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. 470 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നടപ്പാക്കുന്ന ഈ പദ്ധതി നിര്‍വഹണത്തിനായി ഒന്നാംഘട്ടത്തില്‍ മുഖ്യമന്ത്രി കൈമാറിയ 346 കോടി തുടര്‍നടപടിക്കായി പാലക്കാട് ജില്ലാ കലക്ടര്‍ക്ക് കൈമാറിയിരുന്നു. ഇതോടൊപ്പം രണ്ടാംഘട്ടത്തില്‍ 177.11 ഏക്കര്‍ ഏറ്റെടുക്കാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു
- Log in to post comments