ഫ്ളാഷ് മോബ് മാതൃകയില്‍ വോട്ട് മോബ് : മത്സരത്തില്‍ പങ്കെടുക്കാം
ജില്ലയിലെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫ്ളാഷ് മോബ് മാതൃകയില്‍ വോട്ട് മോബ് മത്സരം സംഘടിപ്പിക്കുന്നു. കൂടുതല്‍ വോട്ടര്‍മാരെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.
ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളിലെയടക്കം വിദ്യാര്‍ഥികള്‍ക്ക് ഫേസ്ബുക്ക് മുഖേന മത്സരത്തില്‍ പങ്കെടുത്താം. പരമാവധി മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ തയ്യാറാക്കണം. 18 വയസ്സ് തികഞ്ഞ വോട്ടര്‍ പട്ടികയില്‍ പേരുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരിക്കാം. കുറഞ്ഞത് 20 പേരെങ്കിലും വീഡിയോയില്‍ ഉള്‍പ്പെട്ടിരിക്കണം. പരമാവധി 90 എം.ബി സൈസുള്ള വീഡിയോ മാര്‍ച്ച് 17 ന് വൈകിട്ട് 5 മണിക്കുള്ളില്‍ sveeptsr@gmail.com എന്ന ഇ മെയിലില്‍ അയക്കണം.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ മതത്തെയോ വ്യക്തികളെയോ അധിക്ഷേപിക്കുന്നതോ, പരാമര്ശിക്കുന്നതോ ആയ വരികള്‍, മുദ്രകള്‍, സംഗീതം, ചിത്രങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. പൂര്‍ണ്ണമായും നിഷ്പക്ഷമായ രീതിയില്‍ ചിത്രീകരണം നടത്തണം. മത്സരാര്‍ഥികളുടെ പേര്, പ്രായം, വോട്ടര്‍ ഐഡി നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയ ലിസ്റ്റ് മത്സരിക്കുന്ന കോളേജുകളുടെ മേധാവികള്‍ സാക്ഷ്യപ്പെടുത്തി അയക്കണം.
തെരഞ്ഞെടുക്കുന്ന വീഡിയോകള്‍ ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജുകളില്‍ അപ്ലോഡ് ചെയ്യുന്നതാണ്. ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് കലക്ടര്‍ ട്രോഫിയും ക്യാഷ് പ്രൈസും നല്‍കും. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
- Log in to post comments