Skip to main content

ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ

ആലപ്പുഴ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ എ അലക്സാണ്ടർ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ 2643 പോളിംഗ് ബൂത്തുകളാണ് ജില്ലയിൽ ഉള്ളത്. 2016 ൽ 1705 പോളിംഗ് ബൂത്തുകളാണ്  ഉണ്ടായിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ബൂത്തുകൾ ക്രമീകരിച്ചിരിച്ചതാണെന്ന് കളക്ടർ പറഞ്ഞു. 

മാര്‍ച്ച് ആറിലെ കണക്ക് പ്രകാരം ജില്ലയിലെ 9 നിയമസഭ നിയോജക മണ്ഡലങ്ങളിലായി 17, 68,296 വോട്ടർമാരാണ് ആകെ ഉള്ളത്. 843748 പുരുഷ വോട്ടർമാർ, 924544 സ്ത്രീ വോട്ടർമാർ, 4 ട്രാൻസ്ജെൻഡേഴ്സുകൾ എന്നിങ്ങനെയാണ് ഉള്ളത്. 21, 000 ഭിന്നശേഷി വോട്ടർമാർ, 80 വയസിനു മുകളിലുള്ള 50807 വോട്ടർമാരും ഉണ്ട്. 23709 പുതിയ വോട്ടര്‍മാരുമുണ്ട്.  ഡിസംബര്‍ 20ലെ കണക്ക് പ്രകാരം 7641 സര്‍വീസ് വോട്ടര്‍മാരും 1836 എന്‍.ആര്‍.ഐ വോട്ടര്‍മാരും ഉണ്ട്. 

വോട്ടിംഗ് മിഷീനുകളുടെ അവസാനഘട്ട പരിശോധന 13 ന് നടത്തി 14 മുതൽ പോളിങ് സാമഗ്രികൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും . ഈ തിരഞ്ഞെടുപ്പിൽ എം 3 വോട്ടിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ആദ്യഘട്ട പരിശീലനം പൂർത്തിയായി . അവസാനഘട്ട പരിശീലനം അടുത്തയാഴ്ച പൂർത്തിയാക്കുമെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള കോവിഡ് വാക്സിനേഷൻ 70 ശതമാനം പൂർത്തിയാക്കാൻ സാധിച്ചതായും കളക്ടർ കൂട്ടിച്ചേർത്തു.

12 മുതൽ സ്ഥാനാർഥികൾക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സ്ഥാനാർഥികൾക്കൊപ്പം രണ്ട് പേർക്കു മാത്രമേ പത്രികാ സമർപ്പണത്തിനായി എത്താനാവൂ. പ്രധാന പോളിംഗ് ബൂത്തുകളിൽ സ്ഥലപരിമിതി ഉണ്ടാവുന്ന ഘട്ടത്തിൽ ഉപയോഗിക്കാനായി 30 തൽക്കാലിക പോളിങ് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. 9 വനിതാ സൗഹൃദ പോളിംഗ് ബൂത്തുകൾ, 9 മാതൃക പോളിംഗ് ബൂത്തുകൾ, ക്രിട്ടിക്കല്‍  51 പോളിംഗ് ബൂത്തുകളും 151 പ്രശ്ന ബാധിത ബൂത്തുകളും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ സുരക്ഷാ സംവിധാനം ശക്തമാക്കും.  തിരിഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം - സ്വീകരണം എന്നിവയ്ക്കായി 9 കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട് .

കോവിഡ് മാനദണ്ഡപ്രകാരം സ്ഥാനാർഥികളുടെ വീടുകയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രമേ പാടുള്ളൂ . വാഹന പ്രചരണത്തിന് 5 വാഹനങ്ങൾ ഉപയോഗിക്കാം. രാഷ്ട്രീയ പാർട്ടികൾക്ക് പൊതുയോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതിനായി 80 പൊതു സ്ഥലങ്ങൾ ജില്ലയിൽ ആകെ കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ ഭിന്നശേഷികാർക്കും 80ന്  മുകളിലുള്ള പൗരന്മാർക്കും തപാൽ വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകും. ഇതിന്റെ ട്രയൽ റൺ ജില്ലയിൽ ആരംഭിച്ചുകഴിഞ്ഞു.
അവശ്യസേവന മേഖലകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും (തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള16 മേഖലകളില്‍ നിന്നുള്ളവര്‍ക്ക്) തപാൽ വോട്ട് ചെയ്യാൻ അവസരമുണ്ടാകും. തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിച്ചിട്ടുള്ള പ്രകാരം തപാൽ വോട്ടിനായി അപേക്ഷിക്കാവുന്നതാണ്. 

ജില്ലയിൽ 151 പ്രശ്ന ബാധിത ബൂത്തുകൾ ആണ് ഉള്ളത്. ഇവിടെ പോലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് ജില്ല പോലീസ് മേധാവി ജി ജയദേവ് പറഞ്ഞു. രണ്ട് കമ്പനി സേന ജില്ലയിൽ ഇതിനകം എത്തിയിട്ടുണ്ട്. സേനയുടെ റൂട്ട് മാർച്ചും കാര്യക്ഷമമായി നടന്നു വരികയാണ്. തിരഞ്ഞെടുപ്പിനായി എൻ സി സി, വിവിധ സേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ എന്നിവരുടെ സേവനവും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

date