Skip to main content

ആലപ്പുഴയ്ക്ക് മാതൃകയായി പുന്നപ്ര മാതൃക പൊലീസ് സ്‌റ്റേഷൻ

പുന്നപ്ര: കുട്ടികൾക്ക് ഓടിക്കളിക്കാൻ അടിപൊളി പാർക്ക്, കുട്ടിസൈക്കിളും,പന്തും, ബലൂണും അങ്ങനെ മുറിനിറയെ കളിപ്പാട്ടങ്ങൾ.. മുറിയാണെങ്കിലോ കുട്ടിക്കൂട്ടങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളും പൂക്കളുടെയും കുട്ടികൾ പട്ടംപറത്തുന്നതിന്റെയും  സുന്ദര ചുവർചിത്രങ്ങൾ കൊണ്ട് അലംകൃതം. കുഞ്ഞുങ്ങളെ കിടത്തിയുറക്കാൻ തൊട്ടിൽ . പറഞ്ഞ് വന്നത് ഏതെങ്കിലും അങ്കണവാടിയേകുറിച്ചാണെന്ന് വിചാരിച്ചാൽ തെറ്റി. മുഖം മിനുക്കി ജില്ലയ്ക്ക് തന്നെ മാതൃകയായ പുന്നപ്ര പോലീസ് സ്റ്റേഷനെകുറിച്ചാണ്.

പുന്നപ്രയിലെ ജനമൈത്രി പോലീസ് സ്റ്റേഷൻ കുട്ടികൾക്ക് കളിയ്ക്കാൻ ഇടവും , സ്ത്രീകൾക്കും വയോജനങ്ങൾക്കും സഹായകേന്ദ്രങ്ങൾ ഒരുക്കിയും കൗൺസിലിംഗ്  സെന്ററും ഒരുക്കി ജില്ലയിലെ ആദ്യ മാതൃകാ പോലീസ് സ്‌റ്റേഷനാകുകയാണ്.

 

ശിശുസൗഹൃദം

 

ശിശുസൗഹൃദ സ്റ്റേഷനോട് ചേർന്ന് കുട്ടികൾക്ക് കളിക്കാൻ പാർക്ക് ഒരുക്കിയിട്ടുണ്ട്. അമ്മമാരോടൊപ്പം പോലീസ് സ്റ്റേഷനിൽ എത്തുന്ന കുട്ടികൾക്ക് പാർക്കിൽ പോകുന്ന സന്തോഷമാകും. ഇനി പുന്നപ്ര പൊലീസ് സ്റ്റേഷനിൽ എത്തിയാൽ ലഭിക്കുക. പോലീസുകാർ അങ്കിൾമാരും ആന്റിമാരുമായി   കുട്ടികളുടെ കൂട്ടുകാരായി മാറാനാണ് നിർദ്ദേശം. .ചായമടിച്ചു കെട്ടിടങ്ങൾക്ക് പുതുമ വരുത്തി, പ്രവേശന കവാടവും ചുറ്റുമതിലും നവീകരിച്ച് തറയോടുകൾ പാകി വ്യത്യസ്തമായ രീതിയിലാണ് പോലീസ് സ്റ്റേഷന് പുതുമവരുത്തിയിരിക്കുന്നത്.

 

ഭിന്നശേഷിസൗഹൃദം

 

ഭിന്നശേഷിക്കാർക്കു സ്റ്റേഷനിൽ അനായാസം കയറിയിറങ്ങാൻ പറ്റുന്ന രീതിയിലാണ് നവീകരണപ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. ഭിന്നശേഷിക്കാർക്ക് സ്റ്റേഷന് അകത്തുകടക്കാൻ റാമ്പ് ഒരുക്കി. ഭിന്നശേഷിസൗഹൃദ ശൗചാലയവും അവസാന ഘട്ടത്തിലാണ്. 

 

 സ്ത്രീസൗഹൃദവും, വയോജന സൗഹൃദവും

 

പരാതി പറയാൻ സ്റ്റേഷനിൽ എത്തുന്ന സ്ത്രീകൾക്കായി സ്ത്രീ സൗഹൃദ ഹെല്പ് ഡെസ്‌ക് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.ഹെൽപ്ഡസ്‌കിൽ ഒരു  വനിതാപോലീസിന്റെ സേവനവും സദാസമയവും ഉണ്ടാവും. സ്റ്റേഷനിൽ എത്തുന്ന വയോജനങ്ങൾക്ക് മുൻഗണന നൽകാൻ സീനിയർ സിറ്റിസൺ ഹെല്പ് ഡെസ്‌കും പുന്നപ്ര മാതൃക പോലീസ് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.

 

കൗൺസിലിംഗ് സെന്റർ

 

പോലീസ് സ്റ്റേഷൻ പരിധിയിലെ  കുടുംബങ്ങളിലെ പ്രശ്‌നപരിഹാരത്തിനായി കൗൺസിലിംഗ് സെന്റർ ഒരുക്കിയിട്ടുണ്ട്. കൗമാരപ്രശ്‌നങ്ങൾ,ലഹരിവസ്തുക്കളുടെ ദുരുപയോഗം,കരിയർ ഗൈഡൻസ്,കുടുംബപ്രശ്‌നങ്ങൾ, മാനസിക ആരോഗ്യം, വയോജനങ്ങളുടെ പ്രശ്‌നങ്ങൾ,പുനരധിവാസം,പേരന്റിങ് തുടങ്ങിയവയ്ക്കാണ് സൗജന്യ കൗൺസിലിംഗ്  സേവനം ലഭ്യമാകുക. കുടുംബത്തിന് കൗൺസിലിംഗിന് മുൻകൂട്ടി ഒരു ദിവസം നൽകും . കൗൺസിലിംഗിന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ, നിയമ വിദഗ്ധർ ,മറ്റ് പ്രമുഖർ എന്നിവരുടെ സേവനമാണ് ലഭ്യമാകുക.

കൗണ്‌സിലിംഗ് സെന്ററിനു പുറമെ പത്തുലക്ഷം രൂപ ചിലവഴിച്ചുള്ള ജനമൈത്രി ഹാളിന്റെ നിർമാർണവും നടന്നു വരികയാണ്. സ്റ്റേഷന് മുന്നിൽ രാഷ്ട്രപിതാവിന്റെ അർധകായ പ്രതിമ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രൊബേഷൻ കാലത്ത് പുന്നപ്ര പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ. ആയി ജോലി ചെയ്തിട്ടുണ്ട്. ഏതാനും മാസം മുൻപ് അമ്പലപ്പുഴയിലെത്തിയ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ സ്റ്റേഷനിലെ അസൗകര്യങ്ങൾ പതിഞ്ഞിരുന്നു. 1969ൽ സ്ഥാപിതമായ പുന്നപ്ര പോലീസ് സ്റ്റേഷന്   മുഖം മിനുക്കൽ നടപടികൾക്ക് പോലീസ് മേധാവിയുടെ ഇടപെടലാണ് വേഗം നൽകിയത്.

 

ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രൻ, ഡിവൈ.എസ്.പി. പി.വി.ബേബി, എസ്.ഐ. ആർ.ബിനു എന്നിവരുടെ മേൽനോട്ടത്തിൽ കേരള പോലീസ് ആൻഡ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നവീകരണ ജോലികൾ ചെയ്തത്. മാതൃകാ പോലീസ് സ്റ്റേഷൻ ജൂലൈ ഒന്നിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ  ഉദ്ഘാടനം ചെയ്യും.

(പി.എൻ.എ. 1492/2018)

 

//അവസാനിച്ചു//

date