എം.ആര്‍ വാക്‌സിനേഷന്‍: പിന്നാക്കം നില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി പുരോഗതി 73.2 ശതമാനം
മീസില്‍സ് -റൂബല്ലാ വാക്‌സിനേഷന്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാലയങ്ങള്‍ക്കെതിരെ ജില്ലാ ഭരണകൂടം കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു. വാക്‌സിനേഷന്‍ ദൗത്യത്തിന്റെ പുരോഗതി അവലോകനം ചെയ്യാന്‍ കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലെ വിദ്യാലയങ്ങളുടെ വാക്‌സിനേഷന്‍ പുരോഗതി യോഗം അവലോകനം ചെയ്തു. നവംബര്‍ നാലിന് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം നടന്ന ഊര്‍ജ്ജിത പ്രവര്‍ത്തനത്തിന്റെ ഫലമായി ജില്ല വന്‍ നേട്ടം കൈവരിച്ചതായി യോഗം വിലയിരുത്തി. അന്നത്തെ റിപ്പോര്‍ട്ടനുസരിച്ച് ഒരു കുട്ടിപോലും വാക്‌സിനേഷന്‍ എടുക്കാത്ത ഒന്‍പത് സ്‌കൂളുകളാണ് ഉണ്ടായിരുന്നത്. ഇതില്‍പ്പെട്ട പെരുമുണ്ടശ്ശേരി എം.എല്‍.പി സ്‌കൂള്‍ 69 ശതമാനം, നരിക്കുനി ഐ.ബി.സി.ഇ.എം പ്രീ സ്‌കൂള്‍ 64 ശതമാനം, വളയം ജി.എം.എല്‍.പി സ്‌കൂള്‍ 63 ശതമാനം, തലക്കൂളത്തൂര്‍ അല്‍ അബീര്‍ ഇസ്‌ലാമിക് സ്‌കൂള്‍ 58 ശതമാനം, പയിമ്പ്ര സി.എം വാദിറഹ്മ സ്‌കൂള്‍ 55 ശതമാനം, പോലൂര്‍ അല്‍സൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ - 50 ശതമാനം മുക്കം വാദി ബദര്‍ കിഡ്‌സ് ഗാര്‍ഡര്‍ സ്‌കൂള്‍ 40 ശതമാനം, വളയം എം.ഐ.എം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 38 ശതമാനം, വേളം ടാലന്റ് കിന്റര്‍ ഗാര്‍ഡന്‍ സ്‌കൂള്‍ 21 ശതമാനം എന്നിങ്ങനെ പുരോഗതി കൈവരിച്ചിട്ടുണ്ട്. നരിക്കുനി അല്‍ബീര്‍ സ്‌കൂളിലാണ് ഇപ്പോഴും ഒരു കുട്ടിപോലും വാക്‌സിനേഷന്‍ എടുക്കാത്തത്. ഇവിടെ 24 കുട്ടികളാണുളളത്. ജില്ലയില്‍ 100 ശതമാനം വിജയം കൈവരിച്ച 77 സ്‌കൂളുകളുണ്ട്. ചെറുവണ്ണൂര്‍ (68 ശതമാനം) ഒളവണ്ണ (66 ശതമാനം), കുറ്റ്യാടി (59 ശതമാനം), വളയം (58 ശതമാനം) എന്നീ ആരോഗ്യ ബ്ലോക്കുകളാണ് ലക്ഷ്യം കൈവരിക്കുന്നതില്‍ ഏറെ പിന്നില്‍ നില്‍ക്കുന്നത്. ഉളേള്യരി (83 ശതമാനം) ബാലുശ്ശേരി (81 ശതമാനം) ഓര്‍ക്കാട്ടേരി (78 ശതമാനം) എന്നീ ആരോഗ്യ ബ്ലോക്കുകളാണ് മുന്നിലുളളത്.
സ്വന്തം മക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാതിരുന്ന അധ്യാപകരെ യോഗത്തില്‍ വിളിച്ചു വരുത്തിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വാക്‌സിനേഷനെടുപ്പിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. സ്വന്തം മക്കള്‍ക്ക് വാക്‌സിനേഷനെടുക്കാത്ത അദ്ധ്യാപകര്‍ക്കും ലക്ഷ്യം കൈവരിക്കുന്നതില്‍ പിന്നോക്കം നില്‍കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് ജില്ലാ അധികാരികളെ ചുമതലപ്പെടുത്തി.
73.2 ശതമാനമാണ് ജില്ല കൈവരിച്ച നേട്ടം. 721516 കുട്ടികളാണ് കുത്തിവെപ്പെടുക്കാന്‍ ജില്ലയിലുളളത്. 527793 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ചെയ്തുകഴിഞ്ഞു. ഈ മാസം അവസാനം വരെ വാക്‌സിനേഷന്‍ ദൗത്യം തുടരാനും യോഗം തീരുമാനിച്ചു. അഡീഷണല്‍ ഡി.എം.ഒ ഡോ. ആശാദേവി, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സരള നായര്‍, ഡബ്ല്യൂ .എച്ച്.ഒ പ്രതിനിധികളായ ഡോ.സൈറ ബാനു, ഡോ.നിഷ ജോസ്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍.എസ്.ഗോപകുമാര്‍, യുനിസെഫ് കണ്‍സള്‍ട്ടന്റ് മുഹമ്മദ് റിയാദിന്‍, പ്രൈവറ്റ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് നിസാര്‍ ഒളവണ്ണ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments