പദ്ധതി നിർവ്വഹണം: അവലോകന യോഗം ചേർന്നു
2022-23 ലെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ലോക്ക് തല അവലോകന യോഗം ചേർന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെയും അവലോകന യോഗമാണ് ചേർന്നത്. നിലവിലെ പദ്ധതി നിർവ്വഹണം, വരും വർഷത്തേക്കുള്ള പദ്ധതി ആസൂത്രണ പ്രക്രിയ എന്നിവയെ കുറിച്ച് യോഗം ചർച്ച ചെയ്തു.
2022-23 സാമ്പത്തിക വർഷത്തിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്തിട്ടുള്ള വികസന പദ്ധതികൾ സമയബന്ധിതമായി നിർവഹണം നടത്തുന്നതിനും പദ്ധതിയുടെ ഗുണമേന്മയും തുടർച്ചയും ഉറപ്പുവരുത്തണമെന്നുള്ള നിർദേശം ഉന്നതതല ഉദ്യോഗസ്ഥർ നൽകി. പദ്ധതി നിർവ്വഹണത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.
2023 ജനുവരി 21 നുള്ളിൽ തദ്ദേശസ്ഥാപനങ്ങളുടെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടാനും ഡിസംബർ അവസാനത്തോടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ 80 ശതമാനം പൂർത്തിയാക്കാനും നിർദ്ദേശം നൽകി. മാസം തോറും നിർവാഹക സമിതി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അവലോകന യോഗം ചേരണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു. ഡി.പി.സി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ബ്ലോക്ക് തലത്തിൽ അവലോകന യോഗങ്ങൾ ചേർന്നത്.
- Log in to post comments