Skip to main content

കിഫ്ബി വഴി 42 കോടി രൂപ അനുവദിച്ചുഃ 12 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

                കിഫ്ബി വഴി ലഭിച്ച 42 കോടി രൂപ ചെലവഴിച്ച് 12 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കര്‍മ്മസേന യോഗം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ തീരുമാനിച്ചു. തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. മൂന്നു സ്‌കൂളുകള്‍ക്ക് അഞ്ചുകോടി വീതവും ഒന്‍പതു സ്‌കൂളുകള്‍ക്കു മൂന്നു കോടി വീതവുമാണ് അക്കാഡമിക്, അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി അനുവദിച്ചത്. 
            ജില്ലയിലെ മൂന്നു യു.പി സ്‌കൂളുകളുടെ വികസനത്തിനായി ഒരു കോടി രൂപ വീതവും വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിട്ടുണ്ട്. ജി.എച്ച്.എസ്.എസ് മാനന്തവാടി, ജി.എച്ച്.എസ് കല്‍പ്പറ്റ, ജി.എച്ച്.എസ്.എസ് മീനങ്ങാടി എന്നി സ്‌കൂളുകള്‍ക്കാണ് അഞ്ചുകോടി രൂപ അനുവദിച്ചത്. ജി.എച്ച്.എസ്.എസ് കാട്ടിക്കുളം, ജി.എച്ച്.എസ്.എസ് വടുവന്‍ചാല്‍, ജി.എച്ച്.എസ്.എസ് മേപ്പാടി, ജി.എച്ച്.എസ്.എസ് മൂലംകാവ്, ജി.എച്ച്.എസ്.എസ് അമ്പലവയല്‍, ജി.എച്ച്.എസ്.എസ് ആനപ്പാറ, ജി.എച്ച്.എസ്.എസ് വെള്ളമുണ്ട, ജി.എച്ച്.എസ്.എസ് പനമരം, ജി.എച്ച്.എസ്.എസ് കാക്കവയല്‍ എന്നീ സ്‌കൂളുകള്‍ക്ക് മൂന്നുകോടി രൂപയും അനുവദിച്ചു.  മൂന്നു കോടി അനുവദിച്ച ഒന്‍പത് സ്‌കൂളുകളില്‍ ഏഴെണ്ണത്തിന്റെയും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടവയാണ്. ഇതിന്റെ ഡി.പി.ആര്‍ തയ്യാറാക്കി. ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. പുതിയ കെട്ടിട നിര്‍മ്മക്കുന്നതിന് മരങ്ങള്‍ മുറിച്ചുമാറ്റേണ്ട നടപടികളും പുരോഗമിക്കുന്നു. 
            പദ്ധതിയുടെ പൂര്‍ണ്ണ വിജയത്തിനും നിര്‍മ്മാണ പ്രവൃത്തികളിലെ സാങ്കേതിക തടസങ്ങള്‍ ചര്‍ച്ച ചെയ്യാനും അടുത്തമാസം ആദ്യം വിപുലമായ യോഗം ചേരാനും യോഗത്തില്‍  തീരുമാനമായി. കൂടാതെ സ്‌കൂള്‍ പ്രധാനാദ്ധ്യാപകരുടെയും രക്ഷകര്‍ത്തൃ സമിതികളുടെയും യോഗവും വിളിക്കും. സ്‌കൂളുകളിലെ നിലവിലെ സൗകര്യങ്ങള്‍പോലും ഇല്ലാതാവുന്ന സാഹചര്യമുണ്ടാവരുതെന്ന് യോഗം നിര്‍ദ്ദേശിച്ചു. മാസത്തില്‍ ഒരു തവണ കര്‍മ്മസേന യോഗം ചേര്‍ന്നു പദ്ധതി പുരോഗതി വിലയിരുത്തും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. പ്രഭാകരന്‍, എസ്.എസ്.എ പ്രൊജക്ട് ഓഫിസര്‍ ബാബുരാജ്, ഡി.ഇ.ഒ ഹണി ജി.അലക്‌സാണ്ടര്‍, ജില്ലാ കൈറ്റ് കോര്‍ഡിനേറ്റര്‍ തോമസ്,  കെ.ബാലകൃഷ്ണന്‍, കെ.എസ് ശ്രീജിത്ത്, കൃഷ്ണന്‍ കോളിയോട് എന്നിവര്‍ പങ്കെടുത്തു. 
 

date