മാലിന്യമുക്ത നവകേരളം ശുചിത്വ സന്ദേശയാത്രയ്ക്ക് സമാപനമായി
കോട്ടയം: ജില്ലയിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി മാലിന്യമുക്തം നവകേരളം കാമ്പയിന്റെ പ്രചരണാർത്ഥം ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് നടത്തിയ ശുചിത്വ സന്ദേശയാത്രയ്ക്ക് കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിൽ സമാപനമായി.
ഫെബ്രുവരിഒൻപതിനു അയ്മനം ഗ്രാമപഞ്ചായത്തിൽനിന്ന് സഹകരണ- തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഫ്ളാഗ് ഓഫ് ചെയ്ത ജാഥ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പര്യടനം നടത്തിയാണ് സമാപനം കുറിച്ചത് .
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടു പഞ്ചായത്തീരാജ് / മുൻസിപ്പൽ നിയമ ഭേദഗതി - അതിൽ വന്ന മാറ്റം, പുതുതായി ചേർത്ത വകുപ്പുകൾ, പിഴ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ജനങ്ങളെ അറിയിക്കുക, എല്ലാവരും ഹരിത കർമ്മ സേനയുമായി സഹകരിക്കുകയും യൂസർ ഫീ നൽകുകയും ചെയ്യുക. യൂസർ ഫീ 100 % ലക്ഷ്യം ഫെബ്രുവരിയിൽ നേടണം. പൊതു സ്ഥലങ്ങളും ജലാശയങ്ങളും വൃത്തിയായി സംരക്ഷിക്കണം. എല്ലാ സ്ഥാപനങ്ങളിലും ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കണം. അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറണം. പൊതു സ്ഥലങ്ങൾ - പ്രത്യേകിച്ച് മാലിന്യ കൂനകൾ നീക്കം ചെയ്ത സ്ഥലങ്ങൾ പൂച്ചെടികളും മറ്റും വച്ചുപിടിപ്പിച്ച് മനോഹരമാക്കണം എന്നീ സന്ദേശങ്ങൾ ഉയർത്തിയാണ് ജാഥ പര്യടനം നടത്തിയത്. കാമ്പയിൻ സെക്രട്ടേറിയറ്റ് അംഗങ്ങളായ മാലിന്യം മുക്തം നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ടി.പി ശ്രീശങ്കർ, ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ലക്ഷ്മി പ്രസാദ്, അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ ജയകൃഷ്ണൻ,ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ,കില ഫെസിലിറ്റേറ്റർ ബിന്ദു അജി എന്നിവർ ക്യാപ്റ്റൻമാരായാണ് ജാഥ പ്രയാണം നടത്തിയത്.
ജാഥയിൽ ഉടനീളം ശുചിത്വ മാലിന്യ സംസ്ക്കരണത്തിൽ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രവർത്തനം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന വീഡിയോ വാളുകളുടെ പ്രദർശനവും ഉണ്ടായി.
കോട്ടയം ഗാന്ധി സ്ക്വയറിൽ നടന്ന സമാപന ചടങ്ങിൽ നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർമാരായ ജി.അനീസ്, സി. പ്രസാദ്, മാലിന്യം മുക്തം നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ടി.പി ശ്രീശങ്കർ, ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ലക്ഷ്മി പ്രസാദ്,ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ,കില ഫെസിലിറ്റേറ്റർ ബിന്ദു അജി, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ കില റിസോഴ്സ് പേഴ്സൺമാർ, നഗരസഭയിലെ ഹരിതകർമ്മസേനാഗംങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ,എന്നിവർ പങ്കെടുത്തു.
- Log in to post comments