Skip to main content

കുറ്റ്യാടി ബൈപ്പാസ് ഉടൻ യാഥാർത്ഥ്യമാവും - മന്ത്രി പി എ മുഹമ്മദ് റിയാസ്

 

കുറ്റ്യാടിയിലെ ജനങ്ങൾ ഏറെ ആഗ്രഹിച്ച കുറ്റ്യാടി ബൈപ്പാസ് ഉടൻ യാഥാർത്ഥ്യമാവുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി  പി എ മുഹമ്മദ് റിയാസ്. പുറമേരി- കുനിങ്ങാട് - വേറ്റുമ്മൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ബൈപ്പാസിന്റെ ആവശ്യകത എത്രത്തോളമെന്ന്  സർക്കാർ  തിരിച്ചറിഞ്ഞിട്ടുണ്ട്. ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തിൽ  കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 38 കോടി രൂപ ചെലവഴിച്ചാണ് ബൈപ്പാസ് നിർമ്മാണം പൂർത്തീകരിക്കുക. നിലവിൽ ബൈപ്പാസ് നിർമ്മാണത്തിനുള്ള  ടെണ്ടർ നടപടികൾ അരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.  ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പശ്ചാത്തല വികസനരംഗത്ത് കുറ്റ്യാടി മണ്ഡലത്തിൽ വലിയ കുതിപ്പ് ഉണ്ടാക്കാൻ സാധിച്ചതായും മന്ത്രി കൂട്ടി ചേർത്തു. എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എം പി മുഖ്യാതിഥിയായി.

പൊതുമരാമത്ത് വകുപ്പ് നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് കുനിങ്ങാട് പുറമേരി വേറ്റുന്മൽ റോഡിന്റെ നവീകരണ പ്രവൃത്തി നടത്തുന്നത്. കുനിങ്ങാട് മുതൽ പുറമേരി വരെയുള്ള 3.05 കിലോമീറ്റർ റോഡ്  ബിഎം ആൻഡ് ബിസി നിലവാരത്തിൽ 5.50 മീറ്റർ വീതിയിൽ ഏഴ് കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുക. ഒമ്പത് മാസമാണ് പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി.

 റോഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ  വികെ ഹാഷിം റിപ്പോർട്ട്  അവതരിപ്പിച്ചു.പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതിലക്ഷ്മി, ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് കുടത്താംകണ്ടി, വൈസ് പ്രസിഡന്റ് സി എം വിജയൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. റോഡ്സ് നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ യു പി ജയശ്രീ സ്വാഗതവും വടകര  സബ് ഡിവിഷൻ പി ഡബ്ല്യു ഡി റോഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിധിൻ ലക്ഷ്മണൻ നന്ദിയും പറഞ്ഞു.

date