Skip to main content

ദുരന്തമേഖലകള്‍ അറിയാന്‍ പ്രളയഭൂപട പ്രദര്‍ശനം

 

ദുരന്തമേഖലകളെ കുറിച്ചും പ്രളയത്തിന്റെ വ്യാപ്തിയെ കുറിച്ചും അറിവ് നല്‍കി പ്രളയഭൂപട പ്രദര്‍ശനം. ഗാന്ധിവാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് ജില്ലാഭരണകൂടവും നഗരാസൂത്രണ വിഭാഗവും പ്രളയഭൂപട പ്രദര്‍ശനം ഒരുക്കിയത്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമായ രീതിയിലാണ് പ്രദര്‍നം തയ്യാറാക്കിയിട്ടുള്ളത്.
ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ ആഘാത പഠനം നടത്തിയ ശേഷമാണ് നഗരാസൂത്രണ വകുപ്പ് ഭൂപടം തയ്യാറാക്കിയിരിക്കുന്നത്.  ജില്ലയിലുണ്ടായ പ്രളയത്തിന്റെ തീവ്രതയും ആഘാതവും ഭൂപടത്തിലൂടെ മനസ്സിലാക്കാം. പ്രളയത്തില്‍ വീടുകളിലേക്ക്  ഇരച്ചുകയറിയ വെളളത്തിന്റെ നിരപ്പ്, മഴയുടെ തോത്,  ഓരോ ഘട്ടങ്ങളില്‍ പുഴയിലുയരുന്ന വെളളത്തിന്റെ അളവ്,  പ്രാദേശിക ഘടകങ്ങള്‍ എന്നിവ പ്രളയ ഭൂപടത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.  മഴ കനക്കുമ്പോള്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കല്‍ ആവശ്യമായ ഇടങ്ങള്‍, കനത്ത വെളളക്കെട്ടുണ്ടാവാന്‍ സാധ്യതയുളള പ്രദേശങ്ങള്‍ എന്നിവ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് പ്രളയ ഭൂപടം. ഭാവിയില്‍ പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രളയ ഭൂപടം ഉപയോഗിക്കാം.
ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പാണ് പ്രളയ ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കുന്നത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ നേര്‍ക്കാഴ്ചകളാണ് ചിത്രങ്ങളിലുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രദര്‍ശനം കാണുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന്  ടൗണ്‍ പ്ലാനിംഗ് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ : 9846247448

 

date