ഹരിത സംസ്‌കാരം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തം; മന്ത്രി ഡോ. ആര്‍. ബിന്ദു
ഹരിത സംസ്‌കാരം ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി സംസ്ഥാന തലത്തില്‍ പുരസ്‌കാരങ്ങള്‍ നേടിയ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ അനുമോദിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരും കേരളീയ സമൂഹവും ഒന്നിച്ച് കൈകോര്‍ത്ത് ഏറ്റെടുത്തിട്ടുള്ള സുപ്രധാന ദൗത്യങ്ങളിലൊന്നാണ് മാലിന്യമുക്ത നവകേരളം സാധ്യമാക്കുക എന്നത്. അതിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് കണ്ണൂര്‍ ജില്ല ഈ പുരസ്‌കാരങ്ങളിലൂടെ നേടിയിരിക്കുന്നത്. മാലിന്യശേഖരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്ത ജനതയില്‍ നിന്നും എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന രീതിയിലേക്ക് സമൂഹം മാറിയത് അഭിമാനകരമാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടെയും പങ്ക് മാതൃകാപരമാണ്. മത്സരാധിഷ്ഠിതമല്ലാതെ മാലിന്യ സംസ്‌കരണത്തെയും ശുചീകരണ പ്രവര്‍ത്തനങ്ങളെയും സമീപിക്കുന്ന ഇന്നത്തെ തലമുറ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. അവര്‍ക്ക് ഹരിത സംസ്‌കാരം പകര്‍ന്നുനല്‍കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും മികച്ച ജില്ല, ജില്ലാ പഞ്ചായത്ത്, എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ്, മികച്ച ബ്ലോക്ക് പഞ്ചായത്തായി തളിപ്പറമ്പ്, മികച്ച രണ്ടാമത്തെ നഗരസഭയായ ആന്തൂര്‍, മികച്ച ഹരിത കര്‍മസേനയായ ആന്തൂര്‍ നഗരസഭയിലെ ഹരിതകര്‍മ സേന, രണ്ടാമത്തെ ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വാഡ്, മികച്ച മൂന്നാമത്തെ കുടുംബശ്രീ സി ഡി എസ് പെരളശ്ശേരി എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് ജില്ല നേടിയത്. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു.
ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്ബാബു എളയാവൂര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.എം കൃഷ്ണന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേംബര്‍ അംഗം പി മുകുന്ദന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം ശ്രീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ കെ.എം സുനില്‍ കുമാര്‍, ഗവ. നോമിനി കെ.വി ഗോവിന്ദന്‍, എന്നിവര്‍ സംസാരിച്ചു.
- Log in to post comments