എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും റോബോട്ടിക്സ് എക്സ്പോയുമായി വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് സ്റ്റാള്‍
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ്റ്റാന്റിന് സമീപത്തുള്ള മൈതാനത്ത് നടത്തുന്ന എന്റെ കേരളം മേളയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാള്‍ ഒരുക്കും. വിദ്യാഭ്യാസ വകുപ്പ് കൈറ്റ് സ്റ്റാളിലാണ് റോബോട്ടിക്സ് എക്സ്പോയും എ.ഐ പ്രദര്‍ശനവും നടക്കുക. മറ്റ് നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗവും പ്രദര്‍ശനവും സ്റ്റാളില്‍ ഒരുക്കും.
സ്റ്റാളിന്റെ കവാടത്തില്‍ പൊതുജനങ്ങളെ സ്വാഗതം ചെയ്യാന്‍ കുഞ്ഞന്‍ റോബോട്ടുണ്ടാവും. റോബോട്ടിക് എക്സ്പോയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ റോബോട്ടിക് ഉപകരണങ്ങളുടെ പ്രദര്‍ശനം മേളയെ ആകര്‍ശമാകും. ഹോം ഓട്ടോമേഷന്‍, ഫയര്‍ ഫൈറ്റര്‍ റോബോട്ട്, സ്മാര്‍ട്ട് ഹോം മോണിറ്ററിങ് റോബോ എന്നിവയാണ് റോബോട്ടിക് എക്സ്പോയുടെ ഭാഗമാകുക. കളികളിലൂടെ പഠനം എന്ന ആശയത്തോടെ സ്വതന്ത്രസോഫ്റ്റ് വെയറില്‍ തയ്യാറാക്കിയ ഗെയിം സോണും അവതാറുകള്‍, ചിത്രങ്ങള്‍, ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള എ.ഐ ടൂളുകളെ പരിചയപ്പെടുത്തലും സ്റ്റാളില്‍ ഒരുക്കും. അനിമേഷന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ അനിമേഷന്‍ വീഡിയോകളുടെ പ്രദര്‍ശനവും സൗജന്യമായി പുതിയ ഉബുണ്ടു സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യവും സ്റ്റാളിലുണ്ടാവും. സാങ്കേതികതയുടെ പുതിയ ലോകത്തെ പരിചയപ്പെടുത്തുന്ന അടല്‍ തിങ്കെറിങ് ലാബ് എക്സ്പോയും കൈറ്റ് സ്റ്റാളില്‍ ഉള്‍പ്പെടുത്തും. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്സ്യല്‍ സ്റ്റാളുകളുമുള്‍പ്പടെ 250 ഓളം ശീതികരിച്ച സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.
- Log in to post comments