Skip to main content

ജനങ്ങള്‍ ഒഴുകിയെത്തുന്നു: എന്റെ കേരളം പ്രദര്‍ശനം മൂന്നാം ദിവസത്തിലേക്ക്

പ്രദര്‍ശന മേള കളര്‍ഫുള്‍ ആയതോടെ രണ്ടാം ദിനം ആയിരങ്ങളെത്തി. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടക്കുന്ന് മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന- വിപണന മേളയിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. വൈവിധ്യമായ പ്രദര്‍ശനങ്ങള്‍ മനം കവരാന്‍  ഇന്നലെ രാവിലെ മുതല്‍ തന്നെ മേള നഗരി ജനസാഗരം കൊണ്ട് നിറഞ്ഞു. ഉച്ചയ്ക്ക് നടന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടന്നു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതായിരുന്നു സെമിനാര്‍. വൈകീട്ട് അതുല്‍ നറുകരയും സംഘവും നടത്തിയ ഗാനമേളക്കും നിറഞ്ഞ സദസ്സാണ് സാക്ഷിയായത്. സംഗീത വിരുന്നില്‍ ശ്രോതാക്കളും ലയിച്ചതോടെ പുത്തനുണര്‍വാണ് സമ്മാനിച്ചത്. സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവിധ സ്റ്റാളുകള്‍ കാണാനും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പല സ്റ്റാളുകളും വ്യത്യസ്ത പരിപാടികളും ശ്രദ്ധേയമായി. സംസ്ഥാനത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലുകള്‍, വിനോദ സഞ്ചാര മേഖലയിലെ സവിശേഷതകള്‍, നമ്മുടെ നാടിന്റെ ചരിത്രം, നേട്ടം എന്നിവയാണ് മേളയില്‍ പ്രതിഫലിപ്പിക്കുന്നത്.

മേളയിൽ ഇന്ന്
കോട്ടക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഇന്ന് (മെയ് ഒമ്പത്) രാവിലെ 10.30ന് ആയുർവേദ വകുപ്പ് നയിക്കുന്ന 'സ്ത്രീരോഗം-പ്രതിരോധവും പ്രതിവിധിയും ആയുർവേദത്തിലൂടെ', 'ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങളും പ്രസവാനന്തര ശുശ്രൂഷയും ആയുർവേദത്തിലൂടെ' എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. ഉച്ചയ്ക്ക് രണ്ടിന് 'സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം' എന്ന വിഷയത്തിലും സെമിനാർ നടക്കും. വൈകീട്ട് ഏഴ് മുതൽ സൂഫിഗായകരായ സമീർ ബിൻസിയും ഇമാമും നയിക്കുന്ന സൂഫി സംഗീത നിശ അരങ്ങിലെത്തും.

date