Skip to main content

സമൂഹത്തിന്റെ വളര്‍ച്ചയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: മന്ത്രി റോഷി അഗസ്റ്റിൻ 

 

 

കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് ഉദ്ഘാടനം ചെയ്തു

 

സമൂഹത്തിന്റെ വളര്‍ച്ചയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സാമൂഹിക- സാംസ്‌കാരിക വളര്‍ച്ചയില്‍ വലിയ പങ്കാളിത്തം വഹിച്ച മിഷനാണ് കുടുംബശ്രീ. കുടുംബശ്രീയിലൂടെയാണ് സമൂഹത്തിലുണ്ടായ മാറ്റങ്ങളും നേട്ടങ്ങളും താഴേ തലങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും എത്തിയത്. 

 

ലഹരിക്കെതിരെയുള്ള പോരാട്ടം കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി തുടരണം. പുതുതലമുറയെ എത്രത്തോളം നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ട്. അവരുടെ പ്രവര്‍ത്തനത്തില്‍ നമ്മള്‍ കാണുന്ന മികവില്‍ ഏറ്റവും സന്തോഷകരം വിദ്യാഭ്യാസ പരമായ പുരോഗതിയാണ്. വിദ്യാഭ്യാസ പുരോഗതി നല്ല നിലയില്‍ ആര്‍ജിച്ചതുകൊണ്ടു മാത്രം ഒരു വ്യക്തിക്ക് എല്ലാ തുറകളിലെയും വിജയം കൈവരിക്കാന്‍ സാധിക്കണമെന്നില്ല. ലഹരി ഉപയോഗത്തിലും സാമൂഹ്യ തിന്മകളിലും പുതു തലമുറ സാന്നിധ്യം വര്‍ധിക്കുകയാണ്. വീട്ടിലും നാട്ടിലും സൂക്ഷ്മ നിരീക്ഷണത്തോടെ കുട്ടികളെ വളര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നമുക്ക് അതിജീവിക്കാനാണ്. അതിന് എല്ലാവരുടെയും ശ്രദ്ധ അനിവാര്യമാണ്. സമൂഹ തിന്മയ്‌ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒരുമിച്ച് കൈകോര്‍ക്കുന്ന ഘട്ടത്തില്‍ കുടുംബശ്രീക്ക് വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 

 

കട്ടപ്പന സെന്‍് ജോര്‍ജ് പാരീഷ് ഹാളില്‍ നടന്ന യോഗത്തില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ അധ്യക്ഷനായി. കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ടോമി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോണ്‍, ജില്ലാ പഞ്ചായത്തംഗം ആശ ആന്റണി, കട്ടപ്പന സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മാരായ രത്‌നമ്മ സുരേന്ദ്രന്‍, ഷൈനി സജി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം.സി ബിജു, കുടുംബശ്രീ കോ-ഓഡിനേറ്റര്‍ ജി. ഷിബു എന്നിവര്‍ സംസാരിച്ചു.

 

ചിത്രം: 1) കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്നു.

2) കുടുംബശ്രീ ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി റോഷി അഗസ്റ്റിന്‍ സംസാരിക്കുന്നു.

 

 

date