Skip to main content

കോളറ സംശയിച്ച തലവടി സ്വദേശി മരിച്ചു, കോളറ സ്ഥിരീകരിച്ചിട്ടില്ല

കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 48 വയസ്സുകാരനായ തലവടി സ്വദേശി ഇന്ന് രാവിലെ മരിച്ചു. 
രഘുവിന് രക്ത പരിശോധനയിൽ കോളറയുടെ സംശയം ബലപ്പെട്ടിരുന്നെങ്കിലും  മല പരിശോധനയിൽ രോഗാണുവിനെ കണ്ടെത്താനായില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ അരോഗ്യം അറിയിച്ചു.. മലത്തിൽ കോളറ അണുവിന്റെ സാന്നിധ്യം കണ്ടെത്തിയാൽ മാത്രമേ കോളറ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു. ചികിത്സയിലിരുന്ന ആശുപത്രിയിൽ രണ്ടു തവണ സ്റ്റൂൾ കൾച്ചർ നടത്തിയെങ്കിലും  കോളറ രോഗാണുവിനെ കണ്ടെത്താനായില്ല.
ലോറി ഡ്രൈവറായി ജോലിനോക്കിയിരുന്ന വ്യക്തി ജോലിയുടെ ഭാഗമായും വ്യക്തിപരമായ ആവശ്യത്തിനായും കഴിഞ്ഞ രണ്ടാഴ്ചക്കിടെ നിരവധി സ്ഥലങ്ങളിലേയ്ക്ക് യാത്രകൾ നടത്തുകയും പുറത്തുനിന്നും വെള്ളവും ഭക്ഷണവും കഴിക്കുകയും ചെയ്തതിൽ നിന്നുമാണ് രോഗബാധയുണ്ടായത് എന്നാണ് സംശയിക്കുന്നത്. മറ്റ് രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന വ്യക്തിയായിരുന്നു. 
 വയറിളക്കവും ഛർദിയും അമിതമായ ക്ഷീണവും വയറുവീർക്കലും ഉണ്ടായതിനെ തുടർന്ന് 09.05.2025 ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയിൽ പ്രവേശിച്ച് ഏഴാമത്തെ ദിവസമാണ് മരിച്ചത്. 

പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

രോഗലക്ഷണങ്ങൾ സംശയിച്ച സാഹചര്യത്തിൽ പ്രദേശത്ത്  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തലവടി ഗ്രാമപഞ്ചായത്തിൽ വെച്ച് ജനപ്രതിനിധികൾ, ജില്ലയിലെയും പ്രദേശത്തെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കുടിവെള്ള പരിശോധന, കുടിവെള്ള സ്രോതസ്സുകളുടെ ക്ലോറിനേഷൻ, വീടുവിടാന്തരമുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി. പ്രദേശത്തെ ഹോട്ടലുകൾ, കടകൾ,അംഗൻ വാടികൾ എന്നിവ കേന്ദ്രീകരിച്ച് ഹെൽത്ത് സ്ക്വാഡിന്റെ പരിശോധനയും പ്രതിരോധ ബോധവത്ക്കരണ പരിപാടികളും നടന്നുവരികയാണ്. സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, എന്നിവിടങ്ങളിൽ നിന്നും രോഗലക്ഷണം സംബന്ധിച്ച വിവരശേഖരണവും വിശകലനവും നടത്തിവരുന്നുണ്ട്. 
രോഗബാധിതപ്രദേശത്ത് ജില്ലാ മെഡിക്കൽ ഓഫീസർ തുടർസന്ദർശനം നടത്തുകയും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് , സെക്രട്ടറി,മെഡിക്കൽ ഓഫിസർ,, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരുമായി ചർച്ചചെയ്തു സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർപ്രവർത്തനങ്ങൾ  നിർദേശിക്കുകയും ചെയ്തു.

വയറിളക്ക രോഗങ്ങൾക്കെതിരെ  അതീവ ജാഗ്രത പാലിക്കണം

കോളറ ബാധിച്ച വ്യക്തിയുടെ മലത്തിൽ നിന്ന് രോഗാണുക്കൾ കുടിവെള്ളത്തിലൂടെയും, ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ആഹാരത്തിലൂടെയുമാണ് മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തിയാൽ ഒന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണപ്പെടും. ഛർദി, വയറിളക്കം, മലം കഞ്ഞിവെള്ളം പോലെ പോകുക, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കോളറ ബാധിച്ചാൽ രോഗിയിൽ നിന്ന് അതിവേഗം ജലാംശം നഷ്ടപ്പെടുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടന്ന് വിദഗ്ദ്ധ ചികിത്സ നൽകണം. അത് വരെ ഒ. ആർ. എസ് ലായനിയോ,  ഉപ്പിട്ട കഞ്ഞി വെള്ളമോ, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാ വെള്ളമോ രോഗിക്ക് നൽകി കൊണ്ടിരിക്കുകയും വേണം. 
കോളറ ഉൾപ്പടെയുള്ള വയറിളക്കരോഗങ്ങൾക്കെതിര താഴെപ്പറയുന്ന പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കണം

പ്രതിരോധ മാർഗ്ഗങ്ങൾ

കുടിവെള്ള സ്രോതസ്സുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആർ ഒ പ്ലാന്റ്, പൊതുവിതരണ പൈപ്പ്, ഫിൽട്ടർ എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളം, കുപ്പിവെള്ളം എന്നിവയും തിളപ്പിച്ചാറ്റിയ ശേഷം മാത്രം കുടിക്കുക
ഭക്ഷണം പാകം ചെയ്യുന്നതിന്‌ ശുദ്ധമായ ജലം മാത്രം ഉപയോഗിക്കുക
വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഐസ് ശീതളപാനീയങ്ങളിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക
ആഹാരം പാകംചെയ്യുന്നതിനു മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക.
വഴിയോരത്ത് ഭക്ഷണം പാകംചെയ്യുന്ന കടകൾ പരിസരം വൃത്തിയായി സൂക്ഷിക്കുകയും പാചകം ചെയ്യാൻ ശുദ്ധജലം മാത്രം ഉപയോഗിക്കുകയും ചെയ്യുക
ആഹാരം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും വ്യക്തി ശുചിത്വം ഉറപ്പുവരുത്തുക. 
ശുചിമുറി ഉപയോഗിച്ചതിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക
വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുക
മഴക്കാലം മുന്നിൽ കണ്ട് വയറിളക്കരോഗങ്ങൾക്കെതിര പ്രതിരോധം തീർക്കുന്നതിനായി സ്കൂളുകൾ കേന്ദ്രീകരിച്ച് വിപുലമായ ക്യാമ്പയിന്‌ വരും ദിവസങ്ങളിൽ ആരോഗ്യവകുപ്പ് നേതൃത്വം നൽകുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.

date