Skip to main content
.

സർക്കാർ പൂർത്തീകരിച്ചത് സംസ്ഥാനത്തിൻ്റെ ജീവ രേഖകളാകുന്ന ആധുനിക റോഡുകൾ : മന്ത്രി വി ശിവൻകുട്ടി ഇടുക്കിയിലെ അഞ്ച് റോഡുകൾ നാടിന് സമർപ്പിച്ചു

റോഡുകൾ എന്നതിനപ്പുറം സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന, വികസനം വളർത്തുന്ന, കൂടുതൽ ഊർജ്ജസ്വലമായ ഭാവിയിലേക്ക് വഴിയൊരുക്കുന്ന ജീവരേഖകളെന്ന നിലയിലാണ് സംസ്ഥാന സർക്കാർ 

പുതിയ കാലത്ത് റോഡ് നിർമാണം പൂർത്തിയാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇടുക്കി ജില്ലയിലെ അഞ്ച് റോഡുകളുൾപ്പടെ

കേരളത്തിലെ 14 ജില്ലകളിലായി പൊതുമരാമത്തുവകുപ്പ് പൂർത്തിയാക്കിയ വിവിധ റോഡുകളുടെയും തിരുവനന്തപുരം നഗരത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് പൂർത്തീകരിച്ച 12 സ്മാർട്ട് റോഡുകളുടെയും ഉദ്ഘാടനം തിരുവനന്തപുരം മാനവീയം വീഥിയിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

 

   അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മാത്രമല്ല, വികസനത്തിനായുള്ള നമ്മുടെ സമീപനത്തിലും അവ പുരോഗതിയുടെ പ്രതീകമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും ദീർഘവീക്ഷണമുള്ള പ്രവർത്തനങ്ങൾ നമ്മുടെ നാടിനെ വികസിത നാടുകളിലേത് പോലെ വികസിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

 

 

     അടുത്ത അഞ്ചുവർഷത്തിൽ വരാൻ സാധ്യതയുള്ള പുതിയ കെട്ടിടങ്ങൾക്ക് കണക്ഷൻ നൽകാനുള്ള സാധ്യതകൾ കൂടി പരിഗണിച്ചാണ് റോഡ് നിർമാണം പൂർത്തികരിച്ചതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ചു പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.സ്മാർട്ട് റോഡുകളിൽ വഴി വിളക്കുകൾ, ടൈലുകൾ പാകിയ നടപ്പാതകൾ, പുതിയ ഓടകൾ, അണ്ടർ ഗ്രൗണ്ട് ഡക്ട് വഴി ഇലക്ട്രിക് കേബിളുകൾ, പുനർനിർമിച്ച സ്വീവറേജ് പൈപ്പുകൾ, സൈക്കിൾ ട്രാക്ക് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കുടിവെള്ളത്തിനോ സ്വീവേജ് ലൈനിനോ വേണ്ടി നിരന്തരം റോഡ് വെട്ടിപ്പൊളിക്കില്ല. ഇവയെല്ലാം പ്രത്യേകം സ്ഥാപിക്കുന്ന ഡക്ടുകളിലൂടെയാകും കടന്നുപോവുക. റോഡ് വെട്ടിപ്പൊളിക്കാതെ അറ്റകുറ്റപ്പണി ചെയ്യാനായി പ്രത്യേക ചേംബറുകളും നിർമ്മിച്ചിട്ടുണ്ട്. ബി എം ബി സി നിലവാരത്തിലേക്ക് മുഴുവൻ റോഡുകളെയും ഉയർത്താനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

     ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ പെരിഞ്ചാംകുട്ടി - എഴുകുംവയല്‍ റോഡ്, തൊടുപുഴ നിയോജക മണ്ഡലത്തില്‍ അര്‍പ്പാമറ്റം - കരിമണ്ണൂര്‍ റോഡ്, കാരിക്കോട് - വെള്ളിയാമറ്റം - പൂമാല റോഡ്, പീരുമേട് നിയോജക മണ്ഡലത്തിലെ കൂട്ടിക്കല്‍-കൊക്കയാര്‍-35-ാം മൈല്‍ റോഡ്, 35-ാം മൈല്‍-തെക്കേമല റോഡുകളാണ് ഉദ്ഘാടനം ചെയ്തത്.

 

 പീരുമേട് നിയോജകമണ്ഡലത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ കൂട്ടിക്കല്‍ -കൊക്കയാര്‍ -35-ാം മൈല്‍ റോഡിന്റെയും 35-ാംമൈല്‍-തെക്കേമല റോഡുകളുടെയും ഫലകം അനാച്ഛാദനം വാഴൂര്‍ സോമന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. 

 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കുര്യൻ സി ജോർജ് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

 അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ തേക്കടിയെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കൂട്ടിക്കല്‍- കൊക്കയാര്‍- 35-ാംമൈല്‍ റോഡ്. കൊക്കയാര്‍ പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഈ റോഡിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 2021-2022 ബഡ്ജറ്റില്‍ അനുവദിച്ച പത്തു കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 35-ാം മൈല്‍ മുതല്‍ കൂട്ടിക്കല്‍ പാലം വരെയുള്ള 6 കി.മീ ദൂരം 5.5 മി വീതിയില്‍ ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീയാക്കിയ റോഡിന് അവശ്യ ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തി, ഡ്രയിനേജ് സംവിധാനങ്ങള്‍, റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളുമുണ്ട്. 

 ജില്ലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ വളളിയാംകാവ്' ക്ഷേത്രത്തിലേക്കും വിനോദസഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്ടിലേക്കും പോകുന്ന പ്രധാന റോഡാണ് 35-ാംമൈല്‍-തെക്കേമല റോഡ്. പെരുവന്താനം പഞ്ചായത്തിന്റെ കീഴിലുള്ള ഈ റോഡിന് ശബരിബല ഫെസ്റ്റിവല്‍ 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.5 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 35-ാം മൈല്‍ മുതല്‍ തെക്കേമല വരെയുള്ള 6.85 കി.മീ ദൂരം 5.5 മീ വീതിയില്‍ ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിന് അവശ്യ ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തി, ഡ്രയിനേജ് സംവിധാനങ്ങള്‍, റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ള സംവിധാമങ്ങളുമുണ്ട്. മകരവിളക്ക് ദര്‍ശനത്തിന് പാഞ്ചാലിമേട്ടിലേയ്ക്കുള്ള ബദല്‍ പാതയായി ഈ റോഡ് ഉപയോഗിക്കാറുണ്ട്. 

       യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. ജോസഫ്, കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമിനിക്ക്, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.റ്റി. ബിനു , പ്രിയാ മോഹനന്‍ , അന്‍സല്‍ന സക്കീര്‍ ,മേരിക്കുട്ടി ബിനോയി ,ഷാജി പുല്ലാട്ട് എന്നിവരും ,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.എസ് രാജൻ,

തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

          തൊടുപുഴ നിയോജക മണ്ഡലത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ അര്‍പ്പാമറ്റം - കരിമണ്ണൂര്‍ റോഡിന്റെയും കാരിക്കോട് - വെള്ളിയാമറ്റം - പൂമാല റോഡിന്റെയും ശിലാഫലകം അനാച്ഛാദനം കലയന്താനി ജംങ്ക്ഷനില്‍ സംഘടിപ്പിച്ച യോഗത്തില്‍ പി.ജെ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു.

 

 കരിമണ്ണൂര്‍, ഇടവെട്ടി ഗ്രാമപഞ്ചായത്തുകളെയും തൊടുപുഴ നഗരസഭയിലെ വിവിധ ഭാഗങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണ് അര്‍പ്പാമറ്റം - കരിമണ്ണൂര്‍ റോഡ്. അര്‍പ്പാമറ്റം മുതല്‍ കരിമണ്ണൂര്‍ വരെയുള്ള 7.300 കിലോമീറ്റര്‍ ദൂരം ആധുനിക നിര്‍മ്മാണ രീതിയില്‍ ബിഎംബിസി നിലവാരത്തില്‍ 7 കോടി രൂപ ചെലവിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ക്യാരേജ് വേ ശരാശരി 3.75 വീതിയില്‍ ചിപ്പിങ് കാര്‍പ്പെറ്റ് ഉപരിതലത്തോടുകൂടി നിലനിന്നിരുന്ന റോഡ് ശരാശരി 4.50 വീതിയിലേക്ക് ക്യാരേജ് വേ ബിഎംആന്റ് ബിസി നിലവാരത്തില്‍ ഉപരിതലം പുതുക്കി നിര്‍മ്മിക്കുകയും വിവിധ സ്ഥലങ്ങളിലായി സംരക്ഷണ ഭിത്തികള്‍, ഇന്റര്‍ ലോക്കിംഗ് പേവിങ് ടൈല്‍ വിരിക്കല്‍, ഓട സംവിധാനങ്ങള്‍ കൂടാതെ 9 കലുങ്കുകള്‍, 7950 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ഷോള്‍ഡര്‍,റോഡ് സുരക്ഷാ പ്രവര്‍ത്തികളുടെ ഭാഗമായി 264 ഡെലിനേറ്റര്‍ പോസ്റ്റുകള്‍, മെറ്റല്‍ ബീം ക്രാഷ് ബാരിയര്‍, തെര്‍മോ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് മാര്‍ക്കിംഗ്, റോഡ് സ്റ്റഡ്, സൈന്‍ ബോര്‍ഡുകള്‍, ഐആര്‍സി പ്രകാരമുള്ള വേഗ നിയന്ത്രണ സംവിധാനങ്ങളും ഈ റോഡില്‍ ഒരുക്കിയിട്ടുണ്ട്.

 

 പൂമാല, മെത്തോട്ടി, കുളമാവ് എന്നീ സ്ഥലങ്ങളും തൊടുപുഴയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണ് കാരിക്കോട്-വെള്ളിയാമറ്റം-പന്നിമറ്റം-പൂമാല റോഡ്. ബിഎം ബിസി നിലവാരത്തില്‍ 5.80 കിലോമീറ്റര്‍ നിര്‍മ്മാണത്തിനായി 6 കോടി രൂപയാണ് ചെലവഴിച്ചത്. ഷോള്‍ഡര്‍ അഭിവൃദ്ധിപ്പെടുത്തല്‍, കലുങ്ക് നിര്‍മ്മാണം, ഓട നിര്‍മ്മാണം, റോഡ് മാര്‍ക്കിംഗ്, ട്രാഫിക് സേഫ്റ്റി വര്‍ക്കുകള്‍ എന്നിവയും നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുന്നുണ്ട്.

 

  യോഗത്തില്‍ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ദാസ് പുതുശ്ശേരി, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൻസി മാർട്ടിൻ തുടങ്ങി ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു. 

         ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ പെരിഞ്ചാംകൂട്ടി-മാവടി- മഞ്ഞപ്പാറ - തൂവൽ - എഴുകുംവയല്‍ റോഡിന്റെ ഫലകം അനാച്ഛാദനം എം.എം മണി എംഎല്‍എ നിര്‍വഹിച്ചു. ജില്ലയിൽ റോഡ് നിർമ്മാണ രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളതെന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു എംഎല്‍എ പറഞ്ഞു. റോഡിൻ്റെ നിർമ്മാണം നടത്തിയ കോൺട്രാക്ടർ അലോഷ്യസ് അഗസ്റ്റിനെയും എംഎല്‍എ യോഗത്തിൽ അനുമോദിച്ചു. എഴുകുംവയല്‍ ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍ അധ്യക്ഷത വഹിച്ചു. 

 

പത്തുവളവ് നിന്ന് ആരംഭിച്ച് തൂവല്‍ ജംഗ്ഷന്‍ വഴി എഴുകുംവയലില്‍ അവസാനിക്കുന്ന റോഡില്‍ പത്തുവളവ് മുതല്‍ പെരിഞ്ചാംകൂട്ടി വരെ അഞ്ച് കിലോമീറ്റര്‍ ദൂരം ബിഎം ബിസി നിലവാരത്തില്‍ നാല് മീറ്റര്‍ ക്യാരേജ് വേ വീതിയില്‍ 5 കോടി രൂപ ചെലവിലാണ് നിര്‍മിച്ചിട്ടുള്ളത്. ആവശ്യഭാഗങ്ങളില്‍ സംരക്ഷണ ഭിത്തി, ഡ്രെയിനേജ് സംവിധാനങ്ങള്‍, റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ആധുനിക നിലവാരത്തിലാണ് റോഡ് നിര്‍മ്മിച്ചിട്ടുള്ളത്. 

 

 യോഗത്തിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ ഡി.ജയകുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എന്‍ വിജയന്‍, സാബു മാത്യു മണിമലക്കുന്നേൽ, കെ.പി രാജൻ, വിൻസൻ്റ്, എഴുകുംവയൽ റൂറൽ അഗ്രികൾച്ചറൽ സൊസൈറ്റി പ്രസിഡൻ്റ് സാബു മാലിയിൽ, പൊതുമരമാത്ത് വകുപ്പ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മറിയാമ്മ ജോർജ് എന്നിവർ സംസാരിച്ചു.

 

 

 

date