ലഹരിക്കെതിരെ ഒരു പഞ്ച്; ആവേശമുണർത്തി എക്സൈസ് പവലിയൻ
ലഹരിക്കെതിരെ അവബോധം ഉണർത്തുന്ന വേറിട്ട ആശയങ്ങളുമായി ശ്രദ്ധേയമാകുകയാണ് മേളയിലെ എക്സൈസ് സ്റ്റാൾ. ഓരോ പഞ്ചും ലഹരിക്കെതിരെ എന്ന ആശയത്തിൽ അവതരിപ്പിച്ചിട്ടുള്ള പഞ്ചിംഗ് മെഷീനാണ് കാണികൾക്ക് ആവേശമാകുന്നത്. എത്ര ശക്തമായാണ് ലഹരിക്കെതിരെയുള്ള ഓരോ ഇടിയെന്ന് മെഷീനിലെ സ്കോർ ബോർഡിൽ കാണാം.
സ്റ്റാളിലെത്തുന്ന നിരവധി പേരാണ് ലഹരിക്കെതിരെയുള്ള തങ്ങളുടെ കൈക്കരുത്ത് പരീക്ഷിക്കുന്നത്. ഇതിനുപുറമെ അമ്പെയ്ത്തും, ലൈഫ് ഗെയിം എന്ന പസ്സിൽ ഗെയിമും മേളയ്ക്കെത്തുന്നവരെ ആകർഷിക്കുന്നു. കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ഗെയിമുകൾ സ്റ്റാളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ അഗർവാൾ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് ലഹരിവിരുദ്ധ ക്വിസും സംഘടിപ്പിച്ചിട്ടുണ്ട്.
എക്സൈസ് വകുപ്പിന് കീഴിലുള്ള വിവിധ സേവനങ്ങളും സ്റ്റാളിൽ ലഭ്യമാണ്. കുട്ടികൾക്കായി ആരംഭിച്ചിട്ടുള്ള നേർവഴി പദ്ധതി, വിമുക്തിയുടെ ഡീ അഡിക്ഷൻ സേവനം എന്നിവയുടെ വിവരങ്ങളും പരാതികൾ അറിയിക്കാനുള്ള ഫോൺ നമ്പറുകളും സ്റ്റാളിൽ നിന്ന് ലഭിക്കും. ബോധവത്കരണത്തിൻ്റെ ഭാഗമായി കൗൺസലിംഗും ഒരുക്കിയിട്ടുണ്ട്.
- Log in to post comments