Skip to main content

കേര പദ്ധതി: നിര്‍വഹണ സ്ഥാപനങ്ങള്‍ക്കുള്ള അവബോധ ശില്പശാല ഇന്ന് (ജൂലൈ 1) കട്ടപ്പനയില്‍; മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും

 

 

കാര്‍ഷിക മേഖലയുടെ സമഗ്രവളര്‍ച്ചയും കാലാവസ്ഥാ പ്രതിരോധശേഷി വര്‍ദ്ധനവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് ആവിഷ്‌കരിച്ച കേര പദ്ധതിയോട് അനുബന്ധിച്ച് നിര്‍വഹണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള അവബോധ ശില്പശാല ഇന്ന് (ജൂലൈ 1) 

കട്ടപ്പനയില്‍ നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് കട്ടപ്പന കേജീസ് ഹില്‍ടൗണ്‍ ഹോട്ടലില്‍ നടക്കുന്ന ശില്പശാലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീരണാംകുന്നേല്‍ അധ്യക്ഷത വഹിക്കും.

 

ജില്ലയിലെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ, വ്യവസായ വാണിജ്യം, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പുകളിലെയും, കാര്‍ഷിക സര്‍വകലാശാല, വി.എഫ്.പി.സി.കെ മുതലായ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്കാണ് ശില്പശാല നടത്തുന്നത്.

 

കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ടോമി യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തും. കേര എം.എസ്.എം.ഇ സ്പെഷ്യലിസ്റ്റ് ശ്യാം കൃഷ്ണന്‍ പദ്ധതി വിശദീകരിക്കും. നഗരസഭ കൗണ്‍സിലര്‍ സിജോമോന്‍ ജോസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയമ്മ സാമുവല്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ റാണി ജേക്കബ് എന്നിവര്‍ സംസാരിക്കും. കേര റീജയണല്‍ പ്രൊജക്ട് ഡയറക്ടര്‍ സാഹില്‍ മുഹമ്മദ് സ്വാഗതവും, കേര റീജിയണല്‍ ഡെപ്യുട്ടി ഡയറക്ടര്‍ സൂര്യ എസ് ഗോപിനാഥ് നന്ദിയും പറയും.

 

*കേര പദ്ധതി* *(KERA-Kerala Climate Resilient Agri-Value Chain Modernization Project)*

 

സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ സമഗ്രവളര്‍ച്ചയും കാലാവസ്ഥാ പ്രതിരോധശേഷി വര്‍ദ്ധനവും ലക്ഷ്യമിട്ട് ലോക ബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് ആവിഷ്‌കരിച്ച ബൃഹത് പദ്ധതിയാണ് കേര (KERA-Kerala Climate Resilient Agri-Value Chain Modernization Project). കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ അനുയോജ്യമായ കൃഷിരീതി പ്രോത്സാഹിപ്പിക്കാനും, മൂല്യവര്‍ദ്ധിത കാര്‍ഷിക ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും വര്‍ദ്ധിപ്പിക്കാനും, കാര്‍ഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഘടകങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചെറുകിട-ഇടത്തരം കാര്‍ഷികാധിഷ്ഠിത സംരംഭങ്ങളുടെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രത്യേക സഹായങ്ങളും പദ്ധതി വാഗ്ദാനം ചെയ്യുന്നു. 

 

പദ്ധതിയുടെ ഭാഗമായി കാര്‍ഷിക കാലാവസ്ഥാ അനുസൃത കൃഷിരീതികള്‍ നടപ്പാക്കുകയും കാര്‍ഷിക പാരിസ്ഥിതിക യൂണിറ്റുകള്‍ ആസ്പദമാക്കി കര്‍ഷകര്‍ക്ക് സാങ്കേതിക വിദ്യകള്‍ കൈമാറുകയും ചെയ്യും. മൂല്യവര്‍ദ്ധനവിനായുള്ള ചെറുകിട സംരംഭങ്ങളുടെ വാണിജ്യവത്ക്കരണത്തിനും കാപ്പി, റബ്ബര്‍, ഏലം തുടങ്ങിയ വിളകളുടെ പുനഃരുജ്ജീവനത്തിനും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, അഗ്രിബിസിനസുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പദ്ധതിയിലുടെ പ്രയോജനം ലഭിക്കും. കാലാവസ്ഥ വ്യതിയാനവുമായുമുള്ള പൊരുത്തപ്പെടലുകള്‍ക്കുള്ള മുന്‍ഗണന, മൂല്യവര്‍ധനവിന്റെ സാധ്യതകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് കാര്‍ഷികമേഖലയിലെ വിവിധ വെല്ലുവിളികളെ നേരിടാനുള്ള സഹായം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി 150 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

 

ഇന്റര്‍ നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, വ്യവസായ വാണിജ്യ വകുപ്പ്, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്, കേരള കാര്‍ഷിക സര്‍വകലാശാല, കിന്‍ഫ്ര, ജലസേചന വകുപ്പുകളുടെ കൂടി പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കാര്‍ഷിക ഉത്പാദനക്ഷമതയും കര്‍ഷക വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രയോജനം 4 ലക്ഷം കര്‍ഷകര്‍ക്ക് നേരിട്ടും 10 ലക്ഷം കര്‍ഷകര്‍ക്ക് പരോക്ഷമായും ലഭിക്കും.

 

 

date