അറിയിപ്പുകൾ
ഐടിഐ അഡ്മിഷന്‍: വെരിഫിക്കേഷന്‍ നടത്തണം
2025ലെ ഐടിഐ അഡ്മിഷന് അപേക്ഷ സമര്‍പ്പിച്ചവര്‍ ഇന്ന് (ജൂലൈ മൂന്ന്) അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത ഏതെങ്കിലും സര്‍ക്കാര്‍ ഐടിഐയില്‍ നേരിട്ടെത്തി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. അല്ലാത്തവരുടെ അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് കോഴിക്കോട് ഗവ. ഐടിഐ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0495 2377016.
പ്രോജക്ട് ഫെല്ലോ ഒഴിവ്
മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പ്രോജക്ട് ഫെല്ലോ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട അപേക്ഷാ ഫോം ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ 14നകം ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.mbgip-s.in, ഫോണ്‍: 04952430939.
അപേക്ഷാ തിയതി നീട്ടി
എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ജൂലൈയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷം/ആറുമാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ, രണ്ടു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി. അപേക്ഷകള്‍ https://app.srccc.in/register ലിങ്കിലൂടെ ജൂലൈ 15 വരെ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. ഫോണ്‍: 04712325101, 8281134454.
റിസര്‍ച്ച് അസിസ്റ്റന്റ്: ഇന്റര്‍വ്യൂ 15ന്
കോഴിക്കോട് കിര്‍താഡ്‌സില്‍ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് എസ്‌സി ആന്‍ഡ് എസ്ടി) 12 മാസത്തേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കും. യോഗ്യത: നരവംശശാസ്ത്രം, സാമൂഹിക ശാസ്ത്രം, റൂറല്‍ ആന്‍ഡ് ട്രൈബല്‍ സ്റ്റഡീസ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം. അപേക്ഷകര്‍ക്ക് 2025 ജനുവരി ഒന്നിന് 41 വയസ്സ് കവിയാന്‍ പാടില്ല. പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവര്‍ഗ സമുദായക്കാര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഓണറേറിയം -32,550 രൂപ.
ജൂലൈ 15ന് രാവിലെ 11ന് നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് രാവിലെ പത്തിനകം വയസ്സ്, യോഗ്യത, സമുദായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 0495 2356805.
അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളില്‍ ഇന്റേണ്‍ഷിപ്പോടെയുള്ള റെഗുലര്‍/പാര്‍ട്ട്‌ടൈം ബാച്ചുകളിലേക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994926081.
ഓഫര്‍ ക്ഷണിച്ചു
പുതുപ്പാടി ഗവ. ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ കൂട്ടിയിട്ട 150 അടിയോളം മണ്ണ് നീക്കം ചെയ്യാന്‍ ഓഫര്‍ ക്ഷണിച്ചു. സീല്‍ ചെയ്ത കവറില്‍ ഓഫര്‍ തുകയും വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തി ഹെഡ്മാസ്റ്റര്‍, ജിഎച്ച്എസ്എസ് പുതുപ്പാടി, കോഴിക്കോട് -673586 എന്ന വിലാസത്തില്‍ ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 9447892607.
ബ്രെയിലി സാക്ഷരതാ പദ്ധതി: ശില്‍പശാല നാലിന്
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് അധ്യാപക ഫോറവുമായി സഹകരിച്ച് നടത്തുന്ന ദീപ്തി ബ്രെയിലി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ജൂലൈ നാലിന് ശില്‍പശാല സംഘടിപ്പിക്കും. ജില്ലാ സാക്ഷരതാ മിഷന്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ബ്രെയിലി സാക്ഷരതാ പാഠാവലി തയാറാക്കിയ വിദഗ്ധ സമിതി അംഗങ്ങളും സാക്ഷരതാ മിഷന്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് അറിയിച്ചു.
ജൂനിയര്‍ റെസിഡന്റ്‌സ് നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ്‌സിനെ (എന്‍എജെആര്‍) നിയമിക്കും. യോഗ്യത: എംബിബിഎസും ടിസിഎംസി രജിസ്ട്രേഷനും. പ്രായപരിധി: 18-36. പ്രതിമാസ വേതനം: 45000 രൂപ. ജൂലൈ നാലിന് രാവിലെ 11ന് കോളേജ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ വയസ്സ്, യോഗ്യത, തിരിച്ചറിയല്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം എത്തണം. 2025 സെപ്റ്റംബര്‍ 15 വരെയോ പുതിയ ഹൗസ് സര്‍ജന്മാരെ നിയമിക്കുന്നതുവരെയോ ആകും നിയമനം. ഫോണ്‍: 0495 2350200.
ക്ഷീര വികസന വകുപ്പ് പദ്ധതികളില്‍ അപേക്ഷിക്കാം
ക്ഷീര വികസന വകുപ്പിന്റെ പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് പദ്ധതി വികസനം, ഡെയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ മൂന്ന് മുതല്‍ 20 വരെ ക്ഷീര വികസന വകുപ്പിന്റെ www.ksheerasree.kerala.gov.in പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം.
20 സെന്റിന് മുകളിലുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി, ചോള കൃഷി എന്നീ പദ്ധതികളും പുല്‍കൃഷിക്കായുള്ള യന്ത്രവത്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉള്‍പ്പെടുന്നതാണ് പുല്‍കൃഷി വികസന പദ്ധതി. ഡെയറി ഫാമുകളുടെ ആധുനികവത്കരണവും യന്ത്രവത്കരണവും കയര്‍, മത്സ്യബന്ധന മേഖലകള്‍ക്കുള്ള പ്രത്യേക പുനരധിവാസ പദ്ധതിയും പശു യൂണിറ്റ് പദ്ധതികള്‍, യുവജനങ്ങള്‍ക്കായി സ്മാര്‍ട്ട് ഡെയറി ഫാം പദ്ധതി, മില്‍ക്കിങ് മെഷീന്‍ വാങ്ങാന്‍ ധനസഹായം, തൊഴുത്ത് നിര്‍മാണ ധനസഹായം എന്നിവയും ഉള്‍പ്പെടുന്നതാണ് മില്‍ക്ക് ഷെഡ് വികസന പദ്ധതി. വിശദവിവരങ്ങള്‍ക്ക് ബ്ലോക്ക്തലത്തിലെ ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2371254.
എഞ്ചിനീയറിങ് കോഴ്‌സുകളില്‍ പ്രവേശനം
ഐഎച്ച്ആര്‍ഡിയുടെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ബ്രാഞ്ചുകളിലെ രണ്ടാം വര്‍ഷ ഡിപ്ലോമ (ലാറ്ററല്‍ എന്‍ട്രി) കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും അപേക്ഷിക്കാം. ഫിസിക്സ്, മാത്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട, എന്‍ഐഒഎസ് പ്ലസ് ടു 50 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം. വണ്‍ ടൈം രജിസ്ട്രേഷനും അപേക്ഷ സമര്‍പ്പണത്തിനും സ്പോട്ട് അഡ്മിഷന്‍ നടക്കുന്ന തിയതി വരെ കോളേജില്‍ അവസരം ഉണ്ടാകും. ഫോണ്‍: 04962524920, 9497840006.
- Log in to post comments