205 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ 205 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഗ്രാമപഞ്ചായത്ത് പരിധിയിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നൈസ് ബേക്കറിയില്‍ നിന്ന് 10000 രൂപയും എം. എസ്. മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ നിന്ന് 5000 രൂപയും പിഴ ഈടാക്കാന്‍ സ്ക്വാഡ് ശുപാര്‍ശ ചെയ്തു.
മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാത്തതിന് വി.എച്ച്. എസ്. എസ്. ചത്തിയറ, താമരക്കുളം 5000 രൂപ, വി. വി. എച്ച്. എസ്. എസ്. താമരക്കുളം 10000 രൂപ എന്നിങ്ങനെ പിഴ ചുമത്താനും ശുപാര്‍ശ ചെയ്തു. എട്ട് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. ജോയിന്റ് ബി. ഡി. ഒ. ബിന്ദു വി നായര്‍, സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ. എസ്. വിനോദ്, ശുചിത്വമിഷന് റിസോഴ്സ് പേഴ്സണ്‍ ജിതിന് തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാകുമെന്ന് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു.
(പിആര്‍/എഎല്‍പി/1913)
- Log in to post comments