Skip to main content

എലിപ്പനി

എലിപ്പനി തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും പോകാന്‍ സാധ്യതയുള്ള രോഗമാണ്. ലെപ്‌ടോസ്‌പൈറ ഇനത്തില്‍പ്പെട്ട സ്‌പൈറോകീറ്റ ബാക്ടീരിയ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. ആയതിനാല്‍ കാലില്‍ മുറിവ്, വിണ്ടുകീറിയ കാല്‍പ്പാദങ്ങള്‍ എന്നിവ ഉള്ളവര്‍ കെട്ടിക്കിടക്കുന്ന മലിനജലവുമായി നേരിട്ട് സമ്പര്‍ക്കം ഇല്ലെന്ന് ഉറപ്പാക്കണം. പനി, തലവേദന, ക്ഷീണം, ശക്തമായ ശരീരവേദന, നടുവേദന, കാല്‍വണ്ണയിലെ പേശി വേദന കണ്ണിന് മഞ്ഞനിറം/ ചുവപ്പ് നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുള്ളവര്‍,  കൃഷിപ്പണിക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ എന്നിവരും, വെള്ളം കയറിയ പ്രദേശത്തുള്ളവരും, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ഡോക്‌സിസൈക്ലിന്‍ പ്രതിരോധ ഗുളിക ആഴ്ച തോറും കഴിക്കണമെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം തേടേണ്ടതുമാണ്.
ഏത് പനിയും മാരകമായേക്കാം, സ്വയം ചികിത്സിക്കാതെ തുടക്കത്തില്‍ തന്നെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തി ഡോക്ടറുടെ സഹായം തേടണം.

പരിസര ശുചിത്വം പാലിക്കാം പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാം
• വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പാത്രങ്ങള്‍, കുപ്പി, ചിരട്ട, പ്ലാസ്റ്റിക് കൂടുകള്‍, ടയറുകള്‍  എന്നിവ മഴവെള്ളം കടക്കാത്ത വിധത്തില്‍ മാറ്റി സൂക്ഷിക്കുക അല്ലെങ്കില്‍ നീക്കം ചെയ്യുക.
• വെള്ളം കെട്ടിനിന്നു കൊതുക് വളരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ കണ്ടുപിടിച്ച് ഒഴുക്കിക്കളഞ്ഞ് ആഴ്ചയിലൊരിക്കല്‍ (വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ശനിയാഴ്ച ഓഫീസുകളിലും പൊതു ഇടങ്ങളിലും ഞായറാഴ്ച വീടുകളിലും) ഡ്രൈ ഡേ ആചരിക്കുക.
• വെള്ളം ഒഴുക്കി കളയാന്‍ സാധിക്കാത്ത ഇടങ്ങളില്‍ കൂത്താടി ഭോജികളായ ഗംബൂസിയ, ഗപ്പി തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തുക.
• വീടിന് അകത്തുള്ള ചെടികള്‍ വയ്ക്കുന്ന പാത്രങ്ങള്‍, ചെടിച്ചട്ടിയുടെ അടിയിലുള്ള പാത്രം, ഫ്രിഡ്ജിന്റെ പുറകിലെ ട്രേ എന്നിവയിലെല്ലാം കൊതുക് മുട്ടയിട്ട് വളരാന്‍ സാധ്യതയുള്ളതാണ്. അതുകൊണ്ട്  ആഴ്ചയിലൊരിക്കല്‍ ഇതിലെ വെള്ളം മാറ്റാനായി ശ്രദ്ധിക്കണം
• വീടിന്റെ ടെറസ്സ്,  സണ്‍ഷെയ്ഡ്, പാത്തികള്‍ ഇവിടങ്ങളിലും വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം
• ചപ്പുചവറുകള്‍ ഓടയില്‍ വലിച്ചെറിഞ്ഞ് മലിനജലം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം.
കേരള പൊതുജനാരോഗ്യ നിയമം 2023
വീടിന്റെയും സ്ഥാപനത്തിന്റെയും ഉള്ളിലോ പരിസരത്തോ കൊതുകിന്റെ പ്രജനനം കാണപ്പെടുക, പ്രജനനത്തിന് കാരണമാകുന്ന തരത്തില്‍ വെള്ളം കെട്ടിനില്‍ക്കുക, തോട്ടങ്ങളിലെ ചിരട്ടകള്‍/ പാളകള്‍ തുടങ്ങിയവയില്‍ കൊതുക് വളരുന്ന സാഹചര്യം,  എലി, നായ, മറ്റ് മൃഗങ്ങള്‍ എന്നിവയെ ആകര്‍ഷിക്കുന്ന വിധത്തില്‍ പരിസരത്ത് മാലിന്യങ്ങള്‍ തള്ളുക തുടങ്ങിയ കാര്യങ്ങള്‍ പൊതുജനാരോഗ്യ നിയമം -2023 പ്രകാരം കുറ്റകരമായ പ്രവര്‍ത്തികള്‍ ആണ്. 2,000  മുതല്‍ 50,000 രൂപ വരെ  പിഴ ഈടാക്കാന്‍ ആക്ടിലെ 65-ാം വകുപ്പ് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. പിഴ അടച്ചതിനുശേഷം കുറ്റം ആവര്‍ത്തിക്കുകയും നിശ്ചിത കാലയളവിനുള്ളില്‍ പിഴ അടക്കാതിരിക്കുകയും ചെയ്താല്‍ കോടതി മുമ്പാകെയുള്ള നിയമനടപടികള്‍ നേരിടേണ്ടി വരും.

ദുരിതാശ്വാസ ക്യാമ്പുകളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട സാഹചര്യം വന്നാല്‍ താഴെപ്പറയുന്ന ആരോഗ്യ പരിപാലന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്
• ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സ ചെയ്യാതെ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ച് വൈദ്യസഹായം തേടേണ്ടതാണ്.
• നിലവില്‍ സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ അവരുടെ മരുന്ന് കയ്യില്‍ കരുതേണ്ടതാണ്.
• ക്യാമ്പുകളില്‍ കഴിയുന്നവര്‍ വ്യക്തി ശുചിത്വവും ആഹാര ശുചിത്വവും ശുചിമുറികളുടെ ശുചിത്വവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
• ശുചിമുറികളില്‍ പോയതിന്  ശേഷം കൈകളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകേണ്ടതാണ്.
• കുടിക്കുവാനായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക
• ക്യാമ്പുകളിലും വെള്ളം കെട്ടിനിന്നു കൊതുക് വളരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ തടയുന്നതിനും ജലമലിനീകരണം ഒഴിവാക്കുന്നതിനും ഉള്ള സജ്ജീകരണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
• ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിക്കുക.
 

date