*പൂരനഗരിയിലെ സമയ ബന്ധിതമായ ശുചീകരണ പ്രവർത്തനം സംസ്ഥാനത്ത് മികച്ചത്* *തൃശ്ശൂരുകാരനായതിൽ അഭിമാനം: മന്ത്രി അഡ്വ. കെ. രാജൻ*
തൃശ്ശൂർ കോർപ്പറേഷൻ നടത്തുന്ന മാതൃകാ പ്രവർത്തനങ്ങൾക്ക് അഹോരാത്രം പ്രയത്നിച്ച ശുചീകരണ പ്രവർത്തകർക്കുള്ള ആദരവ് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ സമർപ്പിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തികളിൽ മികവ് പുലർത്തിയ കോർപ്പറേഷൻ പരിധിയിലുള്ള വിവിധ സ്ഥാപനങ്ങൾക്കുള്ള ഹരിത സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവഹിച്ചു.
പൂരനഗരിയിലെ ശുചീകരണ പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിച്ചത് സംസ്ഥാനത്തെ മികച്ച പ്രവർത്തനമാണെന്നും തൃശ്ശൂരുകാരനായതിൽ അഭിമാനമുണ്ടെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഹരിത കർമ്മ സേനയുടെ ശുചീകരണ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിവിധ ജീവിതാനുഭവങ്ങൾ ഉദാഹരിച്ച് മന്ത്രി സംസാരിച്ചു. കുട്ടികളിൽ ശുചിത്വ ശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉദാഹരണ സഹിതം മന്ത്രി സംസാരിച്ചു.
ലക്ഷകണക്കിന് ജനങ്ങളുടെ പങ്കാളിത്തമുള്ളതും വിശ്വപ്രസിദ്ധവുമായ തൃശ്ശൂർ പൂരത്തിൻ്റെ ചടങ്ങുകൾ സമാപിച്ച് മൂന്ന് മണിക്കൂറുകൾക്കകം തേക്കിൻകാട് മൈതാനവും അനുബന്ധ റോഡുകളും വൃത്തിയാക്കി നഗരത്തെ പരിപൂർണ്ണ ശുചിത്വത്തിലേക്ക് എത്തിച്ച ഹരിത കർമ്മ സേനാംഗങ്ങളെയാണ് ആദരിച്ചത്. കോർപ്പറേഷൻ നേരിട്ട് പരിശോധന നടത്തി ഗ്രേഡിംഗ് നടത്തിയ സ്ഥാപനങ്ങൾക്ക് ഹരിത സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ടൗൺഹാളിൽ നടന്ന ചടങ്ങിൽ മേയർ എം. കെ വർഗീസ് അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗ്ഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, കൗൺസിലർ ശ്യാമള വേണുഗോപാൽ, കോർപ്പറേഷൻ സെക്രട്ടറി വി. പി ഷിബു, ക്ലീൻ സിറ്റി മാനേജർ വി.പി അജിത്ത്, നവകേരളം കർമ്മപദ്ധതി ജില്ലാ മിഷൻ കോർഡിനേറ്റർ സി. ദിദിക, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രജനീഷ് രാജൻ, വിവിധ സംഘടനാ പ്രതിനിധികളായ കെ.എസ് സെന്തിൽ കുമാർ, ടി.എ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments