Skip to main content

ലോക യുവജന നൈപുണ്യ ദിനാചരണവും നൈപുണി സെന്ററുകളുടെ ഉദ്ഘാടനവും മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു

ലോക യുവജന നൈപുണ്യ ദിനാചരണവും നൈപുണി സെന്ററുകളുടെ ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍.  ബിന്ദു നിര്‍വ്വഹിച്ചു. സാങ്കേതിക വിദ്യാലയങ്ങളില്‍ ഇന്‍ഡസ്ട്രികള്‍ക്ക് ആവശ്യമായ വൈദഗ്ധ്യം ആര്‍ജ്ജിക്കാന്‍ കഴിയുന്ന വിധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിപുലമായ സാധ്യതകളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

അസാപ്പിന്റെ നേതൃത്വത്തില്‍ 150ല്‍പ്പരം കോഴ്‌സുകള്‍ പഠിക്കാന്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, റോബോട്ടിക്‌സ് സയന്‍സും, ക്ലൗഡ് കമ്പ്യൂട്ടിങ്ങും ഉള്‍പ്പെടെ ഏറ്റവും പുത്തന്‍ സാങ്കേതികവിദ്യ അടക്കമുള്ള മേഖലകളില്‍ പരിശീലനം നല്‍കാന്‍ ഇന്ന് നമുക്ക് കഴിയും.  കൂടുതല്‍ തൊഴിലവസരങ്ങളിലേക്ക് വിശ്വാസത്തോടെ കടന്നു ചെല്ലാന്‍ കുട്ടികളെ ഒരുക്കുകയാണ് വിജ്ഞാനകേരളം പദ്ധതിയിലൂടെയെന്നും മന്ത്രി പറഞ്ഞു.

കെ-ഡിസ്‌കിന്റെ ഡി.ഡബ്ല്യു.എം.എസ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പരമാവധി വിദ്യാര്‍ഥികളെ രജിസ്റ്റര്‍ ചെയ്യിപ്പിച്ച് ഒരു വര്‍ഷക്കാലം ഒരു ലക്ഷം തൊഴില്‍ നല്‍കാനുള്ള പരിശീലനമാണ് വിജ്ഞാന കേരളത്തിലൂടെ നടക്കുന്നത്. വിദ്യാര്‍ത്ഥികളിലെ സംരംഭക താല്‍പര്യങ്ങള്‍ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഉള്ളത്. തൊഴില്‍ അന്വേഷകര്‍ എന്നതില്‍ നിന്ന് തൊഴില്‍ സൃഷ്ടാക്കളായി മാറാന്‍ സാധിക്കണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 പഠനത്തിനൊപ്പം തൊഴിലും ഭാഷയും വ്യക്തിത്വ വികസനവും നല്‍കുന്ന രീതിയിലാണ് കെ-ഡിസ്‌കും വിജ്ഞാനകേരളം പദ്ധതിയുമായി സംസ്ഥാനത്തെ  ആര്‍ട്‌സ് കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ കോളേജുകളിലും നൈപുണി സെന്ററുകള്‍ക്ക് തുടക്കമാകുന്നത്. ഡിജിറ്റല്‍ കഴിവുകളിലൂടെ യുവജന ശാക്തീകരണം എന്നതാണ് മുദ്രാവാക്യം.

കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ വെബ്‌സൈറ്റ് ലോഞ്ചും ആദ്യ രജിസ്‌ട്രേഷനും വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. വിജ്ഞാന കേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. ടി.എം തോമസ് ഐസക് ആമുഖ പ്രഭാഷണം നടത്തി. കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണന്‍ സമാപനക്കുറിപ്പ് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട എഞ്ചിനീയറിങ് കോളേജില്‍ നടന്ന ചടങ്ങില്‍ കില ജില്ലാ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടര്‍ ഫാദര്‍ ജോണ്‍ പാലിയേക്കര തുടങ്ങിയവര്‍ പങ്കെടുത്തു. 

date