മീഡിയേഷൻ ഫോർ ദി നേഷൻ ക്യാമ്പയിൻ
കോടതികളിൽ നിലനിൽക്കുന്ന കേസുകൾ മധ്യസ്ഥത വഴി തീർപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 90 ദിവസത്തെ മീഡിയേഷൻ ഫോർ ദി നേഷൻ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ദേശീയ നിയമസേവന അതോറിറ്റിയും മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രൊജക്ട് കമ്മിറ്റിയും ചേർന്നാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. വിവാഹ സംബന്ധമായ തർക്കങ്ങൾ, വാഹനാപകട നഷ്ടപരിഹാരങ്ങൾ, ഗാർഹിക പീഡനം, ചെക്ക്, കൊമേഴ്സ്യൽ കേസുകൾ, ഉപഭോക്തൃ സേവന സംബന്ധമായ തർക്കങ്ങൾ, സിവിൽ കോമ്പൗണ്ടബിൾ ക്രിമിനൽ കേസുകൾ എന്നിവയാണ് മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത്. ഇതിൽ കോടതി തിരഞ്ഞെടുക്കുന്ന കേസുകൾ കക്ഷികളെ അറിയിച്ച ശേഷം മധ്യസ്ഥ കേന്ദ്രങ്ങളിലേക്ക് കൈമാറും. കേസുകൾ തീർപ്പാക്കാൻ ദിവസവും അഭിഭാഷകർ വഴി ശ്രമങ്ങൾ നടത്തും. ഓൺലൈൻ സംവിധാനവും ലഭ്യമാക്കും. സേവനങ്ങൾ തികച്ചും സൗജന്യമായിരിക്കും. മധ്യസ്ഥത വഴി തീരുന്ന കേസുകൾക്ക് അടച്ചിരുന്ന കോടതി ഫീസ് മുഴുവനായും തിരികെ നൽകും. സെപ്റ്റംബർ 30ന് ക്യാമ്പയിൻ അവസാനിക്കും.
- Log in to post comments