ജില്ലയിലെ ദുരന്ത നിവാരണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
കണ്ണൂര്‍, വയനാട് ജില്ലകളുടെ ദുരന്ത നിവാരണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദേശീയ ദുരന്ത നിവാരണ ഏജന്‍സി പ്രതിനിധികള്‍ വിലയിരുത്തി. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ദുരന്ത നിവാരണ ഏജന്‍സി ഡെപ്യൂട്ടി സെക്രട്ടറി രാഖീ സദ്ധു, ഡ്യൂട്ടി ഓഫീസര്‍ രജത് മല്‍ഹോത്ര, സീനിയര്‍ കണ്‍സള്‍ട്ടന്റ് സി.ജെ സത്യകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് എസ് ഐശ്വര്യ, വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സ്പെഷ്യല്‍ ഓഫീസര്‍ മന്‍മോഹന്‍ എന്നിവര്‍ ജില്ലകളിലെ ദുരന്തനിവാരണ, പ്രതിരോധ, മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഇരു ജില്ലകളിലെയും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് യോഗം വിലയിരുത്തി. ജില്ലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് എന്‍ഡിഎംഎ സംഘം അറിയിച്ചു. തുടര്‍ന്ന് ജില്ലാ അടിയന്തിരഘട്ട കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തി. ഇരു ജില്ലകളിലേയും വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.
യോഗത്തിനു ശേഷം കേളകം പഞ്ചായത്തിലെ അടക്കാത്തോട്, കൈലാസം പടി എന്നിവിടങ്ങളിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
- Log in to post comments