ഇനി 'നൊന്ത്' പ്രസവിക്കേണ്ട; ആലപ്പുഴ മെഡിക്കൽ കോളേജിലുണ്ട് വേദന രഹിത സുഖപ്രസവം
*മൂന്നുമാസത്തിനിടെ നടത്തിയത് 25 സുഖപ്രസവങ്ങൾ
"10 മാസം ചുമന്ന് നൊന്ത് പ്രസവിച്ചതാ നിന്നെ..." —അമ്മമാരിൽ നിന്ന് ഒരിക്കലെങ്കിലും ഈ വാചകം കേൾക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇപ്പോള്‍ നൊന്ത് പ്രസവിച്ച കാലമെല്ലാം പഴങ്കഥയാവുകയാണ്. ആശുപത്രിയിൽ പുതുതായി ഒരുക്കിയ വേദനരഹിത സുഖപ്രസവ സംവിധാനത്തിലൂടെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 25 സ്ത്രീകൾക്കാണ് വേദനയില്ലാതെ പ്രസവം സാധ്യമായത്.
അനസ്‌തേഷ്യ വിദഗ്ധന്റെ സഹായത്തോടെ എപ്പിഡ്യൂറൽ അനാൽജീസ്യ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വേദനരഹിത പ്രസവം സാധ്യമാക്കുന്നത്. നട്ടെല്ലിലൂടെ വളരെ നേർത്ത സൂചികൊണ്ട് മരുന്ന് കുത്തിവെച്ച് ഗർഭിണിക്ക് പ്രസവ വേദന ഇല്ലാതാക്കുന്നതാണ് ഈ രീതിയില്‍ ചെയ്യുന്നത്. പ്രസവത്തിനിടെ ഓപ്പറേഷൻ ആവശ്യമായേക്കാവുന്ന അടിയന്തര ഘട്ടങ്ങളിലും ഇത് ഏറെ സഹായകരവുമാണ്. ഗർഭിണിയുടെയും ബന്ധുക്കളുടെയും സമ്മതത്തോടെയാണ് വേദനരഹിത പ്രസവങ്ങൾ നടത്തുന്നത്.
ആധുനിക സൗകര്യങ്ങളോടെ തുടങ്ങിയ ഒബ്സ്റ്റെട്രിക് ആൻഡ് ഗൈനക്കോളജി (ഒ ആൻഡ് ജി) വിഭാഗത്തിലാണ് വേദനരഹിത പ്രസവത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടാതെ നടുവേദന പോലുള്ള മറ്റു പ്രസവാനന്തരപ്രശ്നങ്ങളും ഇത്തരം പ്രസവങ്ങളില്‍ ഉണ്ടാകില്ല. സാധാരണ പ്രസവങ്ങൾ പോലെ മൂന്നാം ദിവസംതന്നെ അമ്മമാർക്ക് ആശുപത്രിയില്‍ നിന്ന് മടങ്ങാനും സാധിക്കും.
വേദനരഹിത പ്രസവത്തിന് സ്വകാര്യ ആശുപത്രികളിൽ സാധാരണയായി 50,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ചെലവ് വരുന്നത്. എന്നാൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ വളരെ കുറഞ്ഞ നിരക്കിലാണ് ഈ സംവിധാനം ലഭ്യമാക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 2000 രൂപയില്‍ താഴെയാണ് വേദനരഹിത പ്രസവത്തിന് ചെലവ് വരുന്നത്. ഗൈനക്കോളജി വിഭാഗത്തില്‍ പ്രസവത്തിനെത്തുന്നവര്‍ക്ക് വേദനരഹിത പ്രസവം സംബന്ധിച്ച കൗണ്‍സലിങ് നല്‍കാറുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
(പിആര്‍/എഎല്‍പി/2060)
- Log in to post comments