പുള്ളിലെ കരുവാലി, കുളവാഴ ചണ്ടികള്‍ ഇന്നുമുതല്‍ നീക്കംചെയ്യും *നടപടികളുമായി ജില്ലാ ഭരണകൂടം
പുള്ള് കനാലിലെ കരുവാലി, കുളവാഴ ചണ്ടികള്‍ ഡ്രജ്ജര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ ഇന്നുമുതല്‍ (ജൂലൈ 19) ആരംഭിക്കും. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സബ് കളക്ടര്‍ അഖില്‍ വി. മേനോന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. കൃഷി, ഇറിഗേഷന്‍ വകുപ്പ് അധികൃതരുമായി ചര്‍ച്ചചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും കരുവാലി, കുളവാഴ ചണ്ടികള്‍ നീക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിച്ചതായും അറിയിച്ചു. ആദ്യഘട്ടത്തില്‍ ചാഴൂര്‍ പഞ്ചായത്തിലെ ശാസ്താം കടവ് മുതലാണ് ഡ്രജ്ജിംഗ് തുടങ്ങുന്നത്. കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഡ്രജ്ജര്‍ ഉപയോഗിച്ചാണ് കനാലില്‍ അടിഞ്ഞുകൂടിയ ചണ്ടിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നത്.
മഴക്കാലത്തിന് മുന്നോടിയായി കനാലുകളിലെ കരുവാലി, കുളവാഴ ചണ്ടികള്‍ നീക്കം ചെയ്യുന്നതിന് ജില്ലാ ഭരണകൂടം ഇറിഗേഷന്‍ വകുപ്പിന് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിരുന്നു, വിവിധ സ്ഥലങ്ങളില്‍ പ്രവൃത്തികള്‍ നടന്നുവരുന്നുണ്ട്. ഇറിഗേഷന്‍ വകുപ്പിന് ചണ്ടികള്‍ നീക്കംചെയ്യുന്നതിന് ആവശ്യമായ ഫണ്ട് ഇല്ലാത്ത സ്ഥലങ്ങളില്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇറിഗേഷന്‍ വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് വിനിയോഗിച്ച്കൊണ്ട് പ്രവൃത്തികള്‍ നടത്തുന്നതിനും ദുരന്തനിവാരണ പ്രകാരം അനുമതി നല്‍കിയിരുന്നു, ഇതുപ്രകാരം വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തി പുരോഗമിക്കുന്നുണ്ട്.
ഡ്രജ്ജിങ്ങിലൂടെ കനാലിലെ കരുവാലി, കുളവാഴ ചണ്ടികള്‍ നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഖമമാക്കി വെള്ളം കരകവിഞ്ഞ് ജനവാസ മേഖലയിലേക്ക് കയറുന്നത് തടയുകയും വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നത് വേഗത്തിലാക്കാനും സാധിക്കും. സബ്കളക്ടറോടൊപ്പം ഇ.ഇ ഇറിഗേഷന്‍ സിനി, ഡി.ഡി അഗ്രികള്‍ച്ചര്‍ ഷെര്‍ലിന്‍, തൃശ്ശൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍, ഡ്രിജിംഗ് ജീവനക്കാര്‍ തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു.
- Log in to post comments