സ്വച്ഛ് സാര്‍വേക്ഷന്‍ റാങ്കിങ്; കുന്നംകുളം നഗരസഭയ്ക്ക് ഇരട്ടനേട്ടം
കേന്ദ്ര നഗരകാര്യ, പാർപ്പിട - മന്ത്രാലയം നടത്തിയ ദേശീയ ശുചിത്വ സർവ്വേ സ്വച്ഛ് സർവേക്ഷൻ 2024 വര്‍ഷത്തെ റാങ്കിങ്ങിൽ കുന്നംകുളം നഗരസഭയ്ക്ക് അഭിമാന നേട്ടം. ദേശീയ തലത്തില്‍ 193–ാം സ്ഥാനവും സംസ്ഥാന തലത്തില്‍ 17-ാം സ്ഥാനവും ലഭിച്ചു. കൂടാതെ വെളിയിട മലമൂത്ര വിസർജ്യ മുക്ത നഗരസഭ (ഒ.ഡി.എഫ് പ്ലസ്), ഗാര്‍ബേജ് ഫ്രീ സിറ്റി(ജി.എഫ്.സി) എന്നിവയിലെ റാങ്കിങ്ങിൽ വണ്‍സ്റ്റാർ റേറ്റിങ്ങും ജനസംഖ്യ അടിസ്ഥാനത്തില്‍ മീഡിയം സിറ്റി റാങ്കിങ്ങില്‍ സംസ്ഥാന തലത്തില്‍ 5-ാം സ്ഥാനവും നഗരസഭ കരസ്ഥമാക്കി.
അഖിലേന്ത്യാ തലത്തില്‍ 4852 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നാണ് കുന്നംകുളം നഗരസഭ 193–ാം സ്ഥാനം കരസ്ഥമാക്കിയത്. 2023 ല്‍ ദേശീയ തലത്തില്‍ 2016 എന്നതായിരുന്നു നഗരസഭയുടെ റാങ്കിങ്. ഇത്തവണ വന്‍ കുതിച്ചുകയറ്റമാണ് നഗരസഭ നടത്തിയിട്ടുള്ളത്.
സ്വച്ഛ് സര്‍വേക്ഷന്‍ പരിപാടിയുടെ ഭാഗമായി നഗരസഭ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. നഗര സൗന്ദര്യ വത്ക്കരണത്തോടൊപ്പം ഉപയോഗ്യമല്ലാത്ത പ്ലാസ്റ്റിക് വേസ്റ്റുകള്‍ കൊണ്ട് നഗരത്തില്‍ ഡോള്‍ഫിന്‍ ഇന്‍സ്റ്റലേഷന്‍ നടത്തിയത് ദേശീയ, സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായി. മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ബോധവത്കരണ ചുമര്‍ചിത്രങ്ങള്‍, പ്രധാന നടപ്പാതകളിലെ കൈവരികളില്‍ ബോഗെയ്ന്‍വില്ല ചെടികള്‍, വാര്‍ഡുകളില്‍ സ്നേഹാരാമങ്ങള്‍, ജലാശയങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവടങ്ങളില്‍ ജൈവ, അജൈവ മാലിന്യ ശേഖരണ ബിന്നുകള്‍, വിവിധ ഇടങ്ങളില്‍ 13 ബോട്ടില്‍ ബൂത്തുകള്‍, ശുചിത്വ സന്ദേശ ബോര്‍ഡുകള്‍, കാനകളില്‍ നിന്ന് മാലിന്യം വേര്‍തിരിക്കാനുള്ള ഡ്രൈനേജ് സംവിധാനങ്ങള്‍ എന്നിവയും ഇതിന്റെ ഭാഗമായി നഗരസഭ സജ്ജീകരിച്ചു.
സ്വച്ഛ് സര്‍വേക്ഷന്‍ ‘മ്മടെ കുന്നംകുളം‘ എന്ന പേരില്‍ തൃശൂര്‍ റോഡില്‍ പഴയ ബസ് സ്റ്റാന്‍ഡിനു മുന്‍വശത്ത് ഒരുക്കിയ പാര്‍ക്ക് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു. വാര്‍ഡുകളില്‍ ബോധവത്ക്കരണ ക്യാമ്പയിനുകള്‍ നടത്തി. വിദ്യാര്‍ത്ഥികള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫ്ലാഷ് മോബ്, സാമൂഹ്യമാധ്യമ പ്രചാരണം, ബസ് സ്റ്റാന്‍ഡുകളില്‍ സെല്‍ഫി പോയിന്റുകള്‍ എന്നിവയും മികവുറ്റ രീതിയില്‍ സംഘടിപ്പിച്ചു. സ്വച്ഛ് സര്‍വേക്ഷനില്‍ നഗരസഭയ്ക്ക് ലഭിച്ച ഇരട്ട നേട്ടം കൂട്ടായ മാതൃകാപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണെന്നും ഇനിയും ഇത്തരം പ്രവര്‍ത്തങ്ങള്‍ നടത്താന്‍ ആര്‍ജ്ജവം നല്‍കുന്നതാണെന്നും ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ പറഞ്ഞു.
- Log in to post comments