ഗോത്രകലാരൂപങ്ങൾ സംരംഭ മാതൃകയിലേക്ക് 'ജന ഗൽസ' പദ്ധതിയുമായി കുടുംബശ്രീ
കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗോത്ര ജനതയുടെ താളം, ഗോത്ര കലാരൂപങ്ങൾ എന്നിവ സംരംഭ മാതൃകയിൽ രൂപികരിച്ച് തൊഴിലും വരുമാനവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 'ജന ഗൽസ' പദ്ധതിക്ക് തുടങ്ങുന്നു. ആദ്യപടിയായി ഗോത്ര മേഖലയിലെ കലാകാരൻമാർ, കലാരൂപങ്ങൾ എന്നിവയുടെ സമഗ്ര ഡയറക്ടറി തയ്യാറാക്കും. തുടർന്ന് സംരംഭങ്ങൾ രൂപീകരിക്കാനുള്ള സാമ്പത്തിക സാങ്കേതിക സഹായം നൽകും. ജനങ്ങളുടെ ആഘോഷം എന്നാണ് 'ജന ഗൽസ' എന്നതിന്റെ അർത്ഥം. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റിൽ നടക്കും .
കുടുംബശ്രീ നടപ്പാക്കുന്ന ട്രൈബൽ പദ്ധതിക്ക് കീഴിലെ മുഴുവൻ ഗുണഭോക്താക്കളേയും ഇതിനായി കണ്ടെത്തും. സംരംഭമാതൃകയിൽ രൂപീകരിച്ച കലാരൂപങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന കൺസോർഷ്യവും രൂപീകരിക്കും. ഈ ടീമുകൾ വിവിധ ഇടങ്ങളിൽ പരിപാടി അവതരിപ്പിക്കുന്നതിലുടെ അവരുടെ വരുമാനവും വർധിക്കും. ലഹ രിക്കെതിരായ പോരാട്ടത്തിനും വിദ്യാഭ്യാസ ഉന്നമനത്തിനും പദ്ധതിയുണ്ട്. കുടുംബശ്രീയുടെ കമ്യൂണിറ്റി തിയറ്റർ ഗ്രൂപ്പായ രംഗശ്രീയുമായും സാംസ്കാരിക ടൂറിസം കേന്ദ്രങ്ങളുമായും ചേർന്നാകും പ്രവർത്തനം.
ഫോക്‌ലോർ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കിർത്താഡ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുമായും സഹകരിക്കും. ഗോത്രകലകൾ, സംസ്കാരം, ആചാര അനുഷ്ഠാനങ്ങൾ എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും നീക്കമുണ്ട്.
മാർഗരേഖ തയ്യാറാക്കാനും കർമപദ്ധതി ആവിഷ്കരിക്കാനുമായി ശിൽപശാല നടന്നു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ബി ശ്രീജിത്ത്, ഭാരത് ഭവൻ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, കേരള ഫോക്‌ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ വി വി ലാവ്‌ലിൻ, മലയാളം സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ഡോ.കെ എം ഭരതൻ, എസ് സി ഇ ആ ർ ടി റിസർച്ച് അസോസിയറ്റ് കെ സതീഷ് കുമാർ, കിർത്താഡ്‌സ് ലക്‌ചർ വി നീന, ചന്ദ്രജിത്ത്, ഡോ. എം ഷഹീദ് അലി, ഡോ. എ മുഹമ്മദ് കബീർ, എം പ്രഭാകരൻ, എസ് ശാരിക, പ്രീത ജി നായർ എന്നിവർ പങ്കെടുത്തു.
- Log in to post comments