മൂന്നാമത്തെ ശനിയാഴ്ചകളിൽ ഇനി ജനകീയ ശുചീകരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു
വൃത്തിയുള്ള പൊതുയിടങ്ങൾ സൃഷ്ടിക്കുന്നതിനായി സംഘടിപ്പിക്കുന്ന ജനകീയ ശുചീകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. വടക്കാഞ്ചേരി നഗരസഭയിൽ നടന്ന പരിപാടി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ഓഫീസ് പരിസരം മന്ത്രിയുടെ നേതൃത്വത്തിൽ ശുദ്ധീകരിച്ച് ജനകീയ ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചകൾ പൊതുയിട ശുചീകരണ ദിവസമായി ആചരിക്കുകയാണ് സംസ്ഥാന സർക്കാർ.
മാലിന്യ സംസ്കരണത്തിലും ശുചിത്വ പരിപാലനത്തിലുമെല്ലാം കേരളം കൈവരിക്കുന്ന മാതൃകാപരമായ നേട്ടം സുസ്ഥിരമായി നിലനിർത്തുകയാണ് ജനകീയ ശുചീകരണ പരിപാടിയിലൂടെ ലക്ഷ്യമെടുന്നതെന്ന് മന്ത്രി പറഞ്ഞു. തെരുവുനായ നിയന്ത്രണത്തിന് ഏറെ പരിമിതികൾ നിലനിൽക്കുമ്പോഴും പൊതുവിടങ്ങൾ വൃത്തിയായി സൂക്ഷിക്കുക വഴി തെരുവുനായ ശല്യവും പകർച്ചവ്യാധികളും കുറയ്ക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൃത്തിയുള്ള പൊതുയിടങ്ങൾ ഉണ്ടാകേണ്ടത് ഓരോ സമൂഹത്തിന്റെയും അനിവാര്യതയാണ്. പൊതു ഇട ശുചിത്വത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തേക്കാളും മുന്നിലാണ് കേരളം. ഈ നേട്ടം സുസ്ഥിരവും, പൂർണവും ആക്കുകയാണ് ജനകീയ ശുചീകരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഹരിത കർമ്മ സേനയുടെ പങ്ക് വലുതാണ്. ഒരു വർഷം കൊണ്ട് 1.26 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ശരിയായ സംസ്കരണത്തിന് വിധേയമാക്കാൻ സാധിച്ചു. കേരളത്തിന്റെ മാലിന്യ സംസ്കരണവും ഹരിത കർമ്മ സേനയുടെ പ്രവർത്തനവും പഠിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഉന്നതല സംഘങ്ങൾ കേരളത്തിൽ എത്തുന്നു. ജൈവമാലിന്യ സംസ്കരണത്തിന് ബയോഗ്യാസ് പ്ലാന്റുകളും നിർമ്മിച്ചു. ഇത്തവണത്തെ സ്വച്ഛ് സർവേയിൽ വടക്കാഞ്ചേരി ഉൾപ്പെടെ 23 നഗരസഭകൾ സ്റ്റാർ അംഗീകാരം നേടി. കഴിഞ്ഞവർഷം 1370 നു മുകളിൽ ഉണ്ടായിരുന്ന കേരളത്തിലെ നഗരസഭകളുടെ റാങ്കിംഗ് ഈ വർഷം നൂറിൽ താഴെ എട്ടു നഗരസഭകളും ആയിരത്തിനു താഴെ ഭൂരിപക്ഷം നഗരസഭകളും റാങ്ക് നേടിയതായും മന്ത്രി കൂട്ടിച്ചേർത്തു.
വടക്കാഞ്ചേരി കെ പി എൻ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ഒ ആർ ഷീല മോഹൻ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ അനൂപ് കിഷോർ, എ എം ജമീലാബി, പി ആർ അരവിന്ദാക്ഷൻ, കെ എം സ്വപ്ന, സി വി മുഹമ്മദ് ബഷീർ, കൗൺസിലർമാരായ എസ് എ എ ആസാദ്, സന്ധ്യ കൊടയ്ക്കാടത്ത്, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ കെ കെ മനോജ്, ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ദിദിക, കെ എസ് ഡബ്ല്യൂ എം പി ഡെപ്യൂട്ടി ജില്ലാ കോഡിനേറ്റർ അരുൺ വിൻസന്റ്, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ എൻ കെ പ്രമോദ്, പ്രസ് ക്ലബ് പ്രസിഡന്റ് അജീഷ് കർക്കിടകത്ത്, എൽ എസ് ജി ഡി ഡെപ്യൂട്ടി ഡയറക്ടർ സിദ്ദിഖ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments