മത്സ്യത്തൊഴിലാളിസത്രീകള് ‘സാഫ്’ കരുത്തില്‍; നല്‍കിയത് 17.09 കോടി രൂപ തൊഴില്‍ ലഭ്യമായത് 679 വനിതകള്‍ക്ക്
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സൊസൈറ്റി ഫോര്‍ അസിസ്റ്റന്റസ് ടു ഫിഷര്‍ വിമണ്‍ (സാഫ്) നല്‍കുന്നത് തൊഴിലും വരുമാനവും. തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനാണ് ധനസഹായം. ഫിഷറീസ് വകുപ്പിന്റെ പദ്ധതിയാണിത്. 2016 മുതല്‍ നാളിതുവരെ വിവിധ പദ്ധതികള്‍ വഴി 17.09 കോടി രൂപയാണ് ധനസഹായമായി അനുവദിച്ചത്. ജില്ലയില്‍ 285 സംരംഭയൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. 679 വനിതകളാണ് ഉപജീവനമാര്ഗമാണിവ.
സംരംഭം ആരംഭിക്കുന്നതിന് സാമ്പത്തിക-സാങ്കേതിക പരിശീലന സഹായമാണ് പ്രധാനമായും നല്‍കുന്നത്. ചെറുതൊഴില്സംരംഭ യൂണിറ്റ്- ഡി.എം.ഇ (സൂക്ഷ്മ സംരംഭങ്ങളുടെ വികസനം) പദ്ധതിപ്രകാരം കാറ്ററിംഗ് യൂണിറ്റ്, പ്രൊവിഷന്‍ സ്റ്റോര്‍, ടെയിലറിംഗ്, ബേക്കറി യൂണിറ്റ്, ഡയറി ഫാം, കമ്പ്യൂട്ടര്‍ സെന്ററര്‍, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഹോംസ്റ്റേ, ബ്യൂട്ടിപാര്‍ലര്‍, മത്സ്യസംസ്ക്കരണം, അച്ചാര്‍, ചപ്പാത്തിനിര്‍മാണ യൂണിറ്റുകള്‍, ഫിഷ് മാര്‍ക്കറ്റ്, സോഡഫാക്ടറി തുടങ്ങിയവയുണ്ട്. 2016-17 മുതല്‍ 2024-25 വരെ 585 മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് 4,43,50,000 രൂപയുടെ സാമ്പത്തിക സഹായം നല്കി. പ്രതിമാസം 1.90 കോടി രൂപവരെ യൂണിറ്റുകളില്‍ നിന്നും വരുമാനം ലഭിക്കുന്നു.
തലച്ചുമടായി മത്സ്യവിപണനംനടത്തുന്ന സ്ത്രീകള്‍ക്ക് പലിശ രഹിതവായ്പ നല്കുന്ന ജെ.എല്‍.ജി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) പദ്ധതിയില്‍ 292 ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 2019 ല്‍ ആരംഭിച്ച് നാളിതുവരെ 1460 മത്സ്യത്തൊഴിലാളികള്‍ക്ക് 2,66,50,000 രൂപയുടെ സാമ്പത്തികസഹായം ലഭ്യമാക്കി.
അഷ്ടമുടി പദ്ധതി രണ്ടാംഘട്ടത്തില്‍ (അപ്പാരല്‍ യൂണിറ്റ്) തയ്യല്‍ അറിയുന്ന 12 ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തി 48 വനിതകളുമായി കണ്‍സോര്‍ഷ്യം മാതൃകയില്‍ ന്യൂട്രാക്ക് സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. 81 ലക്ഷം രൂപയുടെ ഗ്രാന്റാണ് നല്‍കിയത്.
ഹൈജീനിക്ക് മൊബൈല്‍ ഫിഷ്വെന്റിംഗ് കിയോസ്ക് പദ്ധതി പ്രകാരം മത്സ്യംകേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്. 2019-20, 2020-21 വര്‍ഷങ്ങളില്‍ 532000 രൂപയുടെ കിയോസ്ക്കുകളാണ് നല്‍കിയത്.
തീരമൈത്രി സീഫുഡ് റെസ്റ്റോറന്റുകള്‍ ആറെണ്ണമാണുള്ളത്. 30 പേര്‍ക്ക് 30,00000 രൂപയുടെ സാമ്പത്തികസഹായം നല്കി. ആറ് ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്കാന് 1,50,000 രൂപയുടെ സഹായവും. നല്കി.
16 ഫിഷ്വെന്‍ഡിംഗ് ടേബിള്‍ നല്‍കിയാണ് തലച്ചുമടായി വില്പന നടത്തുന്നവര്‍ക്ക് ആശ്വാസമായി 40,000 രൂപ ചെലവാക്കിയത്.
അഭ്യസ്തവിദ്യരായകുട്ടികള്ക്ക് വിവിധ തൊഴിലവസരങ്ങളും നല്‍കിയിട്ടുണ്ട്. തീരനൈപുണ്യം പരിശീലന പദ്ധതി വഴി 120 പേര്‍ക്ക് 3,29,500 രൂപയുടെ ഗ്രാന്റാണ് അനുവദിച്ചത്.
2016 മുതല്‍ 2025 വരെ 480 വനിതകള്‍ക്ക് നൈപുണ്യവികസന പരിശീലനം നല്‍കുന്നതിന് 42,25,286 രൂപ വിനിയോഗിച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളിലായി 20678500 രൂപയാണ് വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ റിവോള്‍വിംഗ് ഫണ്ടായി നല്‍കിയത്.
ഗ്രൂപ്പുകളുടെ വിപണനം വര്‍ധിപ്പിക്കുന്നതിന് ബ്രാന്റിംഗിനും മാര്‍ക്കറ്റിംഗിനും സഹായിക്കുന്നു. ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് മെഡിക്കല്‍ ക്യാമ്പ് നടത്തി, 1400 പേര്‍ക്ക് പ്രയോജനം ലഭിച്ചു. 5,83,078 രൂപയാണ് മുടക്കിയത്.
2025-26 വര്‍ഷത്തില്‍ 'ഒരു കുടുംബത്തിന് ഒരു സംരംഭം' പദ്ധതിപ്രകാരം കുടുംബാംഗങ്ങളുടെ സഹായത്തോടെ ഒറ്റയ്ക്ക് നടത്താവുന്ന പദ്ധതിക്ക് ധനസഹായം അനുവദിക്കും.പരമാവധി ഒരുലക്ഷം രൂപ വരെ ഗ്രാന്റായി നല്‍കും. 75 ശതമാനം ഗ്രാന്റും, 20 ശതമാനം ബാങ്ക്ലോണും, അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്.
മത്സ്യത്തൊഴിലാളി വനിതകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനായി സ്വയംതൊഴിലില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധപദ്ധതികള്‍ തുടര്ന്നുംനടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും സാഫ് നോഡല്‍ ഓഫീസറുമായ വി. സിന്ധു പറഞ്ഞു.
- Log in to post comments