*കലോത്സവം മുന്നൊരുക്കം* - *കളക്ടറേറ്റിൽ അവസാനഘട്ട യോഗം ചേർന്നു*
സംസ്ഥാന സ്കൂൾ കലോത്സവം മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ അവസാനഘട്ട യോഗം ചേർന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിന് കലോത്സവ നഗരിയിൽ എട്ട് ഡിവൈഎസ്പിമാരും 26 സിഐമാരും കൂടാതെ ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരേയും വിന്യസിക്കും. പ്രത്യേക പട്രോളിംഗ് സംഘങ്ങൾ നിരന്തരം റോന്ത് ചുറ്റുമെന്നും മഫ്തിയിലും പോലീസിനെ വിന്യസിക്കുമെന്നും പോലീസ് അറിയിച്ചു. വേദികളെല്ലാം സി.സി.ടി.വി നീരീക്ഷണത്തിലായിരിക്കും. ലഹരി ഉപയോഗം കണ്ടെത്തുന്നതിനായി എക്സൈസിന്റെ പ്രത്യേക പട്രോളിംഗ് ഉണ്ടാകുമെന്നും ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണത്തിനായി വിമുക്തി എന്ന പേരിൽ എക്സിബിഷൻ സ്റ്റാൾ ഉണ്ടായിരിക്കുമെന്നും എക്സൈസ് വിഭാഗം അറിയിച്ചു.
കലോത്സവ നഗരി മാലിന്യ മുക്തമാക്കുന്നതിനായി കോർപ്പറേഷന് കീഴിൽ അഞ്ഞൂറോളം ശുചീകരണ തൊഴിലാളികൾ ദിവസവും മൂന്ന് ഷിഫ്റ്റ് ആയി സേവനമനുഷ്ഠിക്കുമെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു. ആരോഗ്യ സുരക്ഷാ സംവിധാനം നടപ്പിലാക്കുന്നതിന് ജില്ലയിലെ സ്വകാര്യ ആശുപത്രികൾക്ക് നേരത്തെ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടെന്നും എല്ലാ വേദികൾക്ക് സമീപവും ആംബുലൻസ്, പ്രത്യേകം മെഡിക്കൽ എമർജൻസി ടീം ഉണ്ടായിരിക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പ്രധാന വേദിക്ക് സമീപത്തായി ഹരിത ബൂത്ത് സജ്ജീകരിക്കുമെന്നും പുനരുപയോഗ വസ്തുക്കളുടെ കൈമാറ്റം ലക്ഷ്യമിട്ട് സ്വാപ് ഷോപ്പ് പ്രവർത്തിക്കുമെന്നും ശുചിത്വ മിഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി കലോത്സവ വേദികളിലേക്ക് പ്ലാസ്റ്റിക് കവറുകളോ കുപ്പികളോ കൊണ്ടുവന്നാൽ കുപ്പികളിൽ പത്ത് രൂപയുടെ സ്റ്റിക്കർ പതിപ്പിക്കുമെന്നും മടങ്ങുമ്പോൾ ഈ വസ്തുക്കൾ കാണിച്ചാൽ പത്ത് രൂപ തിരികെ ലഭിക്കുമെന്നും ശുചിത്വ മിഷൻ അറിയിച്ചു.
കലോത്സവത്തിനായി ഫയർ ആൻഡ് റെസ്ക്യൂ പ്രത്യേകം കൺട്രോൾ റൂം തുറക്കും. എട്ട് പോയന്റുകളിലായി ഫയർ ആൻഡ് റെസ്ക്യൂ വാഹനങ്ങൾ സജ്ജമായിരിക്കും. ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായുള്ള നടപടികൾ സ്വീകരിക്കും. കലോത്സവത്തിന്റെ ആദ്യ ദിനം മുതൽ ഫുഡ് സേഫ്റ്റി ഓഫീസർമാരുടെ നേതൃത്വത്തിൽ ഭക്ഷണ പരിശോധന നടത്തും.
കളക്ടറേറ്റ് എക്സിക്യുട്ടിവ് ഹാളിൽ ചേർന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ്, സബ് കളക്ടർ അഖിൽ വി മേനോൻ, അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർമാരായ എം.കെ ഷൈൻ മോൻ, ആർ.എസ് ഷിബു, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ കെ.കെ സുരേഷ് ബാബു, കെ.പി അജയൻ എന്നിവരും തൃശൂർ കോർപറേഷൻ, പൊതുമരാമത്ത് വിഭാഗം, പോലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ്, കൊച്ചിൻ ദേവസ്വം ബോർഡ്, ശുചിത്വ മിഷൻ തുടങ്ങി വിവിധ വകുപ്പുകൾ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments