Skip to main content

ലിംഗസമത്വ സന്ദേശവുമായി കുടുംബശ്രീ 'നയിചേതന' കലാജാഥ പര്യടനം നടത്തി

കുടുംബശ്രീ ജെന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച 'നയിചേതന 4.0 ഉയരെ' സംസ്ഥാനതല കലാജാഥ ജില്ലയില്‍ പര്യടനം നടത്തി. പെരിന്തല്‍മണ്ണയില്‍ നിന്നാരംഭിച്ച പര്യടനം മലപ്പുറം വഴി കൊണ്ടോട്ടിയില്‍ സമാപിച്ചു. പെരിന്തല്‍മണ്ണ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ഫസല്‍ മുഹമ്മദ് കലാജാഥ ഉദ്ഘാടനം ചെയ്യുകയും ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു.

ലിംഗസമത്വം ഉറപ്പാക്കുക, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബശ്രീ നല്‍കുന്ന സുരക്ഷാ-പിന്തുണാ സംവിധാനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജാഥ സംഘടിപ്പിച്ചത്.

കുടുംബശ്രീ കമ്മ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ 'രംഗശ്രീ'യിലെ അംഗങ്ങള്‍ സ്ത്രീ ശാക്തീകരണവും ലിംഗാവബോധവും പ്രമേയമാക്കി വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. പാട്ടുകളിലൂടെയും ലഘുനാടകങ്ങളിലൂടെയും അവതരിപ്പിച്ച ആശയങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചു.

മലപ്പുറം ബസ് സ്റ്റാന്‍ഡില്‍ നടന്ന കലാപരിപാടി നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമീറ മുസ്തഫ ഉദ്ഘാടനം ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകരും പൊതുജനങ്ങളും പരിപാടിയുടെ ഭാഗമായി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും ലിംഗവിവേചനത്തിനെതിരെയും സമൂഹത്തെ ഉണര്‍ത്തുന്ന പരിപാടികള്‍ അരങ്ങേറി.

വൈകിട്ട് കൊണ്ടോട്ടി നഗരസഭ ഓഫീസിന് മുന്നില്‍ നടന്ന ചടങ്ങോടെ കലാജാഥ സമാപിച്ചു. സമാപന സമ്മേളനം കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍ യു.കെ. മമ്മദിശ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഇ. സനീറാ, കുടുംബശ്രീ ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ റൂബി രാജ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, മറ്റ് സി.ഡി.എസ് അംഗങ്ങള്‍,ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍,സ്നേഹിതാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളിലെ ചടങ്ങുകളില്‍ പങ്കെടുത്തു.

date