പൈതൃകത്തെ വീണ്ടെടുക്കാനുള്ള വലിയൊരു ചുവടുവെപ്പാണ് പൊന്ന്യത്തങ്കം; വി ശിവൻകുട്ടി
കതിരൂരിന്റെ മണ്ണിൽ, വീരേതിഹാസങ്ങൾ ഉറങ്ങുന്ന ചരിത്രഭൂമിയിൽ പൈതൃകത്തെ വീണ്ടെടുക്കാനുള്ള വലിയൊരു ചുവടുവെപ്പാണ് പൊന്ന്യത്തങ്കം എന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊന്ന്യത്തങ്കത്തിന്റെ രണ്ടാം ദിവസം നടന്ന സംസ്‍കാരിക സമ്മേളനം ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ആദ്യമായി ആയോധന കലയായ 'കളരിപ്പയറ്റിനെ' ഒരു മത്സര ഇനമായി സർക്കാർ ഉൾപ്പെടുത്തിയത് കായിക ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തേണ്ട തീരുമാനമാണ്.
നമ്മുടെ കുട്ടികൾ അന്താരാഷ്ട്ര കായിക വേദികളിൽ മിന്നിത്തിളങ്ങുമ്പോൾ അതിനുള്ള അടിത്തറ നമ്മുടെ മണ്ണിൽ നിന്നുള്ള ആയോധന കലയാകണം എന്ന നിർബന്ധം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
കേരള ഫോകലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ അധ്യക്ഷയായി. നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ വിശിഷ്ടാതിഥിയായി.
തുടർന്ന് അങ്കത്തട്ടിൽ കതിരൂർ ഗുരു കൃപ കളരി സംഘം, പേരാമ്പ്ര കോട്ടക്കൽ കണാരൻ ഗുരുക്കൾ കളരി സംഘം, കടത്തനാട് കെപിസിജിഎം കളരി സംഘം എന്നിവയുടെ കളരി അഭ്യാസ പ്രകടനങ്ങളും കണ്യാർ കളിയും കലാമത്സരമായി തിരുവാതിര ക്കളിയും അരങ്ങേറി. തുടർന്ന് ഇതര സംസ്‌ഥാന ആയോധന കലാരൂപമായ 'താം ഗ് അഹം യനബ', പിന്നണി ഗായകൻ വിധുപ്രതാപും സംഘത്തിന്റെയും ലൈവ് ഷോയും നടന്നു.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പ്രസീത, കതിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി പവിത്രൻ, കതിരൂർ പഞ്ചായത്ത് വാർഡ് അംഗം പി ജയേന്ദ്രൻ, എ കെ ഷിജു, പ്രേമരാജൻ മാസ്റ്റർ,സി പി ഷൈജൻ, ബഷീർ ചെറിയണ്ടി,പി ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments