Skip to main content

സ്വീപ് ലോഗോ പ്രകാശനം ഇന്ന്(17 ന് ) 

 

 

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം വോട്ടർമാരിലെത്തിക്കാൻ വിപുലമായ പ്രചാരണ പരിപാടികളുമായി ജില്ലാ ഭരണകൂടം. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല പ്രചാരണ പരിപാടി “വോട്ടായാനം 2026 “ ന് ഇന്ന് (17 ന് )തുടക്കമാകും. രാവിലെ 11 മണിക്ക് വിദ്യാനഗർ കളക്ടറേറ്റ് കോമ്പൗണ്ടിൽ സ്വീപിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം കാസർകോട്  ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യുന്നതോടെ പരിപാടികൾ ആരംഭിക്കും. 

 

യുവജനങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പിനോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്ന സാഹചര്യം കണക്കിലെടുത്ത്എല്ലാ സമ്മതിദായകരെയും പോളിംഗ് ബൂത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈവിധ്യമാർന്ന പരിപാടികളാണ്  ആസൂത്രണം ചെയ്തിരിക്കുന്നത്. 

18-ന് രാവിലെ 10 മണിക്ക് കളക്ടറേറ്റിൽ പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ ചിത്രരചന സംഘടിപ്പിക്കും. തുടർന്ന് കാസർകോട് ഗവൺമെന്റ് കോളേജിൽ വിദ്യാർത്ഥികൾക്കും ഓക്സിലറി അംഗങ്ങൾക്കുമായി മെഹന്തി ഫെസ്റ്റും നടക്കും.

 

തീരദേശ മേഖലകളെയും തിരഞ്ഞെടുപ്പ് ആവേശത്തിൽ പങ്കാളികളാക്കും. 22-ന് വൈകുന്നേരം നാലിന് തൃക്കരിപ്പൂർ വലിയപറമ്പ് ബീച്ചിൽ പട്ടം നിർമ്മാണവും പട്ടം പറത്തലും നടക്കും. 23-ന് പള്ളിക്കര ബീച്ചിൽ മണൽശില്പം തീർക്കും. ഇതോടൊപ്പം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലൂടെയും 23 മുതൽ ഏപ്രിൽ നാല്  വരെ 'വോട്ടും പാട്ടും' പ്രചാരണ വണ്ടി പര്യടനം നടത്തും.

 

നാടൻ കലകൾക്കും കായിക വിനോദങ്ങൾക്കും പ്രചാരണത്തിൽ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. 28-ന് വൈകുന്നേരം  അഞ്ചിന്  കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ സ്റ്റാൻഡിൽ ജില്ലാതല കൈകൊട്ടിക്കളി മത്സരം അരങ്ങേറും. 29-ന് വൈകുന്നേരം മൂന്നിന്  പള്ളിക്കര ബീച്ചിൽ ജില്ലാതല ഫുട്ബോൾ മത്സരവും നടക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഏപ്രിൽ നാലിന്  വൈകിട്ട് മൂന്നിന്  കുണ്ടംകുഴി മുതൽ കുറ്റിക്കോൽ വരെ നടത്തുന്ന മാരത്തോൺ ഓട്ടമത്സരവും നടക്കുമെന്ന് ജില്ലാ നോഡൽ ഓഫീസറായ ജില്ലാമിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട് പറഞ്ഞു. 

date