Skip to main content

നിയമസഭാ തെരഞ്ഞെടുപ്പ് : ബാങ്കേഴ്‌സ് യോഗം ചേര്‍ന്നു

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ബാങ്കിംഗ് ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനും തിരഞ്ഞെടുപ്പ് ചെലവുകള്‍ നിയന്ത്രിക്കുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ബാങ്കിങ് പ്രതിനിധികളുടെ യോഗം ചേര്‍ന്നു. സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് കാലയളവില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി വന്‍തോതില്‍ പണം കൈമാറുന്നത് തടയാന്‍ ബാങ്കുകള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്തുന്നതിന് ബാങ്കിങ് ് മേഖലയുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് യോഗത്തില്‍ കളക്ടര്‍ ഓര്‍മ്മിപ്പിച്ചു.

 
തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി സ്ഥാനാര്‍ത്ഥികള്‍ നിര്‍ബന്ധമായും പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങേണ്ടതാണെന്നും ഈ അക്കൗണ്ടുകള്‍ വഴിയുള്ള എല്ലാ പണമിടപാടുകളും ബാങ്കുകള്‍ നിരീക്ഷിക്കുമെന്നും കളക്ടര്‍ പറഞ്ഞു.ഒരു സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും പെട്ടെന്ന് ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍, സംശയാസ്പദമായ ഇടപാടുകള്‍, പത്തോ അതിലധികമോ അക്കൗണ്ടുകളിലേക്ക് ഒരേ അക്കൗണ്ടില്‍ നിന്നുള്ള ബള്‍ക്ക് ട്രാന്‍സ്ഫറുകള്‍ എന്നിവ കൃത്യമായി നിരീക്ഷിക്കും. ബാങ്കുകളില്‍ നടക്കുന്ന അസാധാരണമായ പണമിടപാടുകള്‍ സംബന്ധിച്ച ദൈനംദിന റിപ്പോര്‍ട്ടുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന് കൈമാറണം. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ എസ്. വാര്യര്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ യു.വി. പ്രസീത, ലീഡ് ബാങ്ക് മാനേജര്‍ എം.വി.അഞ്ജനദേവ് എന്നിവര്‍ പങ്കെടുത്തു.

date