ജില്ലയിലെ സ്ഥാനാർത്ഥികളുടെ ചെലവ് പരിശോധന മാർച്ച് 28 മുതൽ
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന മാർച്ച് 28 ന് ആരംഭിക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളും വരവ്-ചെലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തിയ രജിസ്റ്ററുകൾ ജില്ലാ ഇലക്ഷൻ ഓഫീസർക്ക് പരിശോധനയ്ക്കായി സമർപ്പിക്കണം.
പെരുമ്പാവൂർ, അങ്കമാലി, ആലുവ മണ്ഡലങ്ങളിലെ പരിശോധന വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, കുന്നത്തുനാട് മണ്ഡലങ്ങളുടേത് കളക്ടറേറ്റിലെ സ്പാർക്ക് ഹാളിലും നടക്കും. ഈ മണ്ഡലങ്ങളിലെ ആദ്യഘട്ട പരിശോധന മാർച്ച് 28-ന് നടക്കും. തുടർന്ന് ഏപ്രിൽ 2, ഏപ്രിൽ 6 തീയതികളിൽ രണ്ടും മൂന്നും ഘട്ട പരിശോധനകൾ നടത്തുന്നതാണ്.
കളമശ്ശേരി, പറവൂർ, വൈപ്പിൻ എന്നിവയുടെ പരിശോധന കളക്ടറേറ്റിലെ സ്പാർക്ക് ഹാളിലും, തൃക്കാക്കര, പിറവം, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളുടേത് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ മണ്ഡലങ്ങളിലെ പരിശോധനകൾ മാർച്ച് 29, ഏപ്രിൽ 3, ഏപ്രിൽ 7 എന്നീ തീയതികളിലായിരിക്കും നടക്കുക. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ പരിശോധന ആരംഭിക്കും.
എല്ലാ സ്ഥാനാർത്ഥികളും നിശ്ചിത തീയതികളിൽ ചെലവ് രജിസ്റ്ററുകളുമായി പരിശോധനയ്ക്ക് ഹാജരാകണം. പരിശോധനയ്ക്ക് ഹാജരാകാത്ത സ്ഥാനാർത്ഥികൾക്കെതിരെ നിയമപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കും. വീഴ്ച വരുത്തുന്നവർക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാഹനം, റാലി, കൂട്ടം കൂടൽ, പൊതുയോഗങ്ങൾ എന്നിവയ്ക്ക് നൽകിയിട്ടുള്ള അനുമതി റദ്ദാക്കുമെന്നും നോഡൽ ഓഫീസർ അറിയിച്ചു.
- Log in to post comments