തിരഞ്ഞെടുപ്പ് ബോധവത്കരണം: ബീച്ച് റണ്ണും ടോക്ക് ഷോയും സംഘടിപ്പിച്ചു
നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഉയര്‍ത്തല്‍ ലക്ഷ്യമിട്ട് നടത്തുന്ന സ്വീപ് ക്യാമ്പയിന്റെ ഭാഗമായി ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ മാറാട് ഗോദീശ്വരം ബീച്ചില്‍ ബീച്ച് റണ്‍ പരിപാടിയും മത്സ്യത്തൊഴിലാളികളുമായി ടോക്ക് ഷോയും സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടയോട്ടം സ്വീപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ അസിസ്റ്റന്റ് കലക്ടര്‍ ഡോ. മോഹനപ്രിയ ഫ്ളാഗ് ഓഫ് ചെയ്തു. ബീച്ചില്‍ നടന്ന ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനവും അസിസ്റ്റന്റ് കലക്ടര്‍ നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി രവികുമാര്‍ അധ്യക്ഷനായി. 'ജനാധിപത്യവും സമ്മതിദാനാവകാശവും' വിഷയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ് പ്രഭാഷണം നടത്തി. ആര്.ജി.എസ്.എ കമ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പേര്‍ട്ട് വി കെ അഞ്ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബേപ്പൂര്‍ നിയോജകമണ്ഡലം സ്വീപ് നോഡല്‍ ഓഫീസര്‍ വിജയന് മുള്ളോറ, ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് കെ അമ്പിളി എന്നിവര്‍ സംസാരിച്ചു. മത്സ്യത്തൊഴിലാളികള്‍, ആര്.ജി.എസ്.എ ബ്ലോക്ക് കോഓഡിനേറ്റര്‍മാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍, കോര്പറേഷന് കണ്ടിന്‍ജന്റ് വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments