Skip to main content
ഇ.വി.എം കമീഷനിങ് നടത്തി

ഇ.വി.എം കമീഷനിങ് നടത്തി

 

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ (ഇ.വി.എം) കമീഷനിങ് ബുധനാഴ്ച്ച ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും നടത്തി. പലയിടത്തും രാത്രി വൈകിയാണ് പൂർത്തിയായത്. 

രാവിലെ എട്ടു മണിയോടെ സ്ഥാനാര്‍ഥികളുടെ ഏജന്റിന്റെ സാന്നിധ്യത്തിലാണ് കമീഷനിങ് തുടങ്ങിയത്. മണ്ഡലത്തിന്റെ ചുമതലയുള്ള പൊതുനിരീക്ഷകനും വരണാധികാരിയും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായി. 

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിൽ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് യന്ത്രങ്ങൾ പോളിങ്ങിനായി തയ്യാറാക്കി. ബാലറ്റ് യൂണിറ്റുകളിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും രേഖപ്പെടുത്തുകയും കൺട്രോൾ യൂണിറ്റുകളുമായി ബന്ധിപ്പിച്ച് വോട്ടിംഗ് സൗകര്യം ഉറപ്പാക്കുകയും ചെയ്തു. സുതാര്യതയ്ക്കായി മാതൃകാ വോട്ടെടുപ്പും നടത്തി. 

കമീഷനിങ് പൂര്‍ത്തിയാക്കി, സീൽ ചെയ്ത ഇ.വി.എം യന്ത്രങ്ങള്‍ വോട്ടെടുപ്പിന്റെ തലേദിവസമാണ് വിതരണം ചെയ്യുക. അതുവരെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും.

പയ്യന്നൂർ മണ്ഡലത്തിൽ ഇ.വി.എം കമീഷനിങ് ഗവ. ഗേൾസ് എച്ച്.എസ്.എസിലും കല്യാശ്ശേരിയിലേത് മാടായി ഗേൾസ് എച്ച്.എസിലും ഇരിക്കൂറിലേത് ജി.വി.എച്ച്.എസ്.എസ് കുറുമാത്തൂരിലും തളിപ്പറമ്പിലേത് ടാഗോർ വിദ്യാനികേതനിലുമാണ് നടന്നത്. 

അഴീക്കോട്‌ മണ്ഡലത്തിൽ ഇ.വി.എം കമീഷനിങ് വി കെ കൃഷ്ണമേനോൻ വനിത കോളേജിലും കണ്ണൂരിലേത്‌ ജി.വി.എച്ച്.എസ്.എസ് കണ്ണൂരിലും തലശ്ശേരിയിലേത് ബ്രണ്ണൻ കോളേജിലും ധർമടത്തേത് ജി.എച്ച്.എസ്.എസ് പാലയാടും കൂത്തുപറമ്പിലേത് നിർമലഗിരി കോളേജിലും നടന്നു. 

മട്ടന്നൂർ മണ്ഡലത്തിലേത് മട്ടന്നൂർ എച്ച്.എസ്.എസിലും പേരാവൂർ മണ്ഡലത്തിലേത് സെന്റ് ജോസഫസ് എച്ച്. എസ്.എസ് തൊണ്ടിയിലും നടന്നു.
 

date